മസാല ബോണ്ട് കേസ്: ഇഡി സമൻസിനെതിരെ തോമസ് ഐസക് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

news image
Jan 31, 2024, 2:08 pm GMT+0000 payyolionline.in

കൊച്ചി: മസാല ബോണ്ട് കേസിലെ ഇഡി സമൻസ് ചോദ്യം ചെയ്ത് വീണ്ടും തോമസ് ഐസക് രംഗത്ത്. സമൻസിനെതിരെ മുൻ ധനമന്ത്രി കേരള ഹൈക്കോടതിയെ സമീപിച്ചു. ഇഡി അയച്ചിരിക്കുന്ന സമൻസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമാണെന്നാണ് വിമര്‍ശനം. നിയമവിരുദ്ധവും, ഏകപക്ഷീയവുമായ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇത് നാളെ ഹൈക്കോടതി പരിഗണിക്കും.

മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. അന്വേഷണത്തിൽ ഇടപെടില്ലെന്നും ഇഡി സമൻസിന് കിഫ്ബി മ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മസാലബോണ്ട് നിയമപരമാണെന്നും ഇഡി ഭയപ്പെടുത്താൻ നോക്കേണ്ടെന്നുമായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ കെഎം എബ്രഹാം നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.

ഇഡി പ്രാഥമിക വിവര ശേഖരണത്തിനാണ് രേഖകൾ ആവശ്യപ്പെട്ടതെന്നും അതിനോട് സഹകരിക്കുകയല്ലേ വേണ്ടതെന്നും കോടതി കിഫ്ബിയോട് ചോദിച്ചിരുന്നു. ആവശ്യപ്പെട്ട വിവരങ്ങളെല്ലാം  നൽകിയെന്നും തുടർച്ചയായി സമൻസ് നൽകി ഇ ഡി  ഉപദ്രവിക്കുകയാണെന്നും കിഫ്ബി സിഇ ഒ അറിയിച്ചു. കിഫ്ബി ഉദ്യോഗസ്ഥർ സഹകരിക്കാത്തതാണ് അന്വേഷണം മുന്നോട്ട് പോകാൻ തടസമെന്നാണ് ഇഡി വാദിച്ചത്.

മസാല ബോണ്ടിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ലാവലിൻ കമ്പനിയുമായി ബന്ധമുള്ള സ്ഥാപനമാണ് മസാല ബോണ്ട് വാങ്ങിയതെന്നാണ് ആരോപണം. മസാല ബോണ്ടിൽ ഇഡി നൽകിയ സമൻസിന് മറുപടി നൽകാൻ കിഫ്ബിയോട്  ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. നാളെയാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe