ന്യൂഡൽഹി: ഡൽഹിയിൽ വീടിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേർ മരിച്ചു. അപകടത്തിൽ രണ്ടുപേര്‍ക്കു പരുക്കേറ്റു. ഗൗരി സോനി (40), മകൻ പ്രഥം (17), രചന (28) ഇവരുടെ ഒൻപതുമാസം പ്രായമുള്ള മകൻ എന്നിവരാണ് മരിച്ചത്. പ്രഭാവതി (70), ഗൗരിയുടെ മകൾ രാധിക (16) എന്നിവർക്കാണ് പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഡല്‍ഹിയിലെ ഷഹ്രദാ പ്രദേശത്തായിരുന്നു അപകടം. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസംമുട്ടിയാണ് മരണം. അഗ്നിരക്ഷാസേനയുടെ അഞ്ചോളം യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. വീടിന്റെ ഒന്നാംനിലയിൽ സൂക്ഷിച്ചിരുന്ന റബ്ബർ–കട്ടിങ് മെഷീൻ അടക്കമുള്ള ഉപകരണങ്ങൾക്ക് തീപിടിച്ചാണ് അപകമുണ്ടായതെന്നാണ് പ്രാഥമികനിഗമനം.
അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പരിസരവാസികളുടെ സഹായത്തോടെ മൂന്നുപേരെ രക്ഷപ്പെടുത്തി പിന്നാലെയെത്തിയ അഗ്നിരക്ഷാസേനയാണ് കുഞ്ഞിനെയടക്കം ബാക്കിയുള്ളവരെ പുറത്തെത്തിച്ചത്. ഇവരെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരണപ്പെടുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
തീപിടിച്ച നാലുനില കെട്ടിടത്തിൽ നിന്ന് പുറത്തേക്കെത്താൻ ഒരുവഴി മാത്രമാണുണ്ടായിരുന്നത്. ഇതിൽ താഴത്തെ രണ്ടുനില കെട്ടിട ഉടമയായ ഭരത് സിങ്ങിന്റെ ഉപയോഗത്തിലായിരുന്നു. മുകളിലത്തെ രണ്ടുനില വാടകയ്ക്കും നൽകിയിരുന്നു. ഇയാൾക്കെതിരെ കേസെടുത്തതായി ഡല്‍ഹി പൊലീസ് പറഞ്ഞു. മൂന്നാഴ്ചയ്ക്ക് മുൻപ് ഇതിന് സമാനമായി ഡൽഹിയിലെ പിതംപുരയിലും തീപിടിത്തമുണ്ടായിരുന്നു.