തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിന് നിലവാരമില്ലാത്തതിനാലാവും ഗവർണർ വായിക്കാത്തതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേന്ദ്രസർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങൾ, നിയമസഭവേദിയിൽ രേഖപ്പെടുത്താനുള്ള നീക്കം ഗവർണർക്ക് മനസിലായി കാണുമെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരെ കള്ളപ്രചാരണത്തിന് വേദിയാക്കി നിയമസഭയെ അധപതിപ്പിക്കുയാണ് പിണറായി വിജയനും കൂട്ടരും ചെയ്യുന്നത്.
നയപ്രഖ്യാപനം സത്യസന്ധതയില്ലാത്തതെന്ന് ഗവർണർക്ക് തോന്നിക്കാണും. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ അഭിനന്ദിക്കുമെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. സാമൂഹ്യക്ഷേമപെൻഷൻ ആകട്ടെ യു.ജി.സി ഗ്രാന്റ് ആകട്ടെ എല്ലാത്തിലും കേന്ദ്രവിഹിതം ലഭിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച തുക പോലും ചിലവാക്കുന്നില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ധൂർത്തിൽ മാത്രമാണ് എൽ.ഡി.എഫ് സർക്കാരിന് ശ്രദ്ധയെന്ന് മുരളീധരൻ പറഞ്ഞു. ക്ലിഫ് ഹൗസിൽ നീന്തൽകുളവും കാലിത്തൊഴുത്തിനും ലക്ഷങ്ങൾ പൊടിക്കുന്നു. ലോകകേരളസഭയും കേരളീയവും നവകേരള സദസും കോടികൾ ചെലവഴിച്ച് നടത്തുന്നവർക്ക് ക്ഷേമപെൻഷന് നൽകാൻ പണമില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തുന്നതെന്നും വി.മുരളീധരൻ പ്രതികരിച്ചു.