തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ആദിവാസി യുവജന സാംസ് കാരിക വിനിമയ പരിപാടി 20 മുതൽ 26 വരെ തിരുവനന്തപുത്ത് നടത്തുമെന്ന് അറിയിച്ചു. കൈമനത്തുള്ള ബി.എസ്.എൻ.എൽ റീജിയണൽ ടെലികോം ട്രെയിനിങ് സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20 ന് രാവിലെ 11.00 ന് ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം. അനിൽകുമാർ, കൗൺസിലർ ജി.എസ് ആശ നാഥ്, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ പരിപാടികൾ അരങ്ങേറും.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാനും രാഷ്ട്രനിർമാണ പരിപാടികളിൽ പങ്കാളികളാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ഒഡീഷ , ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 200 യുവതി യുവാക്കളാണ് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. ഇവരോടൊപ്പം സി.ആർ.പി. എഫ്, ബി എസ്.എഫ്, എസ്.എസ്. ബി എന്നിവയിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കും.
വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക് പുറമെ സംഘാംഗങ്ങൾ കേരള നിയമസഭാ, വിക്രം സാരാഭായ് സ്പേസ് സെൻറർ, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, സയൻസ് ഫെസ്റ്റിവൽ എന്നിവ സന്ദർശിക്കും. സംഘത്തെ കോവളം ബീച്ച്, മ്യൂസിയം, തിരുവനന്തപുരം മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കി. സമാപനസമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉൽഘാടനം ചെയും. മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ ശശി തരൂർ എം.പി എന്നിവരും വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ശേഷം സംഘം തിരിച്ചു പോകും.