ടെഹ്റാൻ : ഇറാൻ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണവുമായി പാകിസ്താൻ. ഇറാനിൽ വ്യോമാക്രമണം നടത്തിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 3 സ്ത്രീകളും 4 കുട്ടികളുമടക്കം 7 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്താൻ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായും പാകിസ്താൻ അവകാശപ്പെട്ടു.
ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ഒരു ഗ്രാമത്തിലാണ് ഇറാൻ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്. ഇതിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് ഇന്ന് ആക്രമണം നടന്നത്. ജയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ പറഞ്ഞിരുന്നു. ഇന്ന് പാകിസ്താൻ ആക്രമണം നടത്തിയതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം രൂക്ഷമായി.