4000 കോടിയുടെ പദ്ധതികൾ; ഷിപ്‌യാർഡിലെ വികസനങ്ങൾ കേരളം രാജ്യത്തിന് നൽകുന്ന സംഭാവന: മുഖ്യമന്ത്രി

news image
Jan 17, 2024, 11:56 am GMT+0000 payyolionline.in
കൊച്ചി: കൊച്ചിൻ ഷിപ്‌യാർഡിലെ വികസനങ്ങൾ കേരളം രാജ്യത്തിന് നൽകുന്ന സംഭാവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പൽ വ്യവസായരംഗത്ത് കൊച്ചിയുടെ സാന്നിധ്യം അടിവരയിട്ട് ഉറപ്പിക്കുന്ന രണ്ട് ഷിപ്പിങ് പദ്ധതികളടക്കം 4000 കോടിയുടെ മൂന്ന് പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നടപ്പിലാകുന്നതിൽ അഭിമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റർനാഷനൽ ഷിപ്പ് റിപയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കേരളം നൽകിയ ഉദാത്ത പിന്തുണയുടെ ഉദാഹരണം കൂടിയാണ് കൊച്ചിൻ ഷിപ്പ്​യാർഡിൽ പൂർത്തിയായ ന്യൂ ഡ്രൈ ഡോക്ക്. രാജ്യത്തിന്റെ പൊതുവായ വികസനത്തിൽ കേരളം നൽകുന്ന മികച്ച പിന്തുണയുടെ ഉദാത്തമായ ദൃഷ്ടാന്തം കൂടിയാണിവ. മേക് ഇൻ ഇന്ത്യയിലെ അവിഭാജ്യ ഘടകമായി മേഡ് ഇൻ കേരള മാറുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിത്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകത്താകെ ശ്രദ്ധയാർജ്ജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കപ്പൽ ശാലയിൽ 1,799 കോടി രൂപ ചെലവിൽ നിർമ്മിച്ച  ന്യൂ ഡ്രൈ ഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവവും പദ്ധതി നിർവഹണ വൈദഗ്ധ്യവും വിളിച്ചോതുന്നതാണ്. മേഖലയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കായ ഇത് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. വില്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ രാജ്യാന്തര കപ്പൽ അറ്റക്കുറ്റപ്പണി കേന്ദ്രമായ ഐഎസ്ആർഎഫ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിയിലെ പുതുവൈപ്പിനിലാണ് 1,236 കോടി രൂപ ചെലവിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പുതിയ എൽപിജി ഇംപോർട്ട് ടെർമിനൽ പണിപൂർത്തീകരിച്ചിരിക്കുന്നത്. 3.5 കിലോമീറ്റർ ക്രോസ് കൺട്രി പൈപ്പ്‌ലൈനിലൂടെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുമായി ബന്ധിപ്പിച്ച ഈ അത്യാധുനിക ടെർമിനലിന് 1.2 എംഎംടിപിഎ ശേഷിയുണ്ട്. എൽപിജി വിതരണത്തിൽ പ്രതിവർഷം 150 കോടി രൂപയുടെ ചെലവ് കുറയ്ക്കാനും 18000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഈ പുതിയ ടെർമിനൽ സഹായകമാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe