വിദ്യാര്‍ത്ഥിനിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം, കൂടുതല്‍ വിവരങ്ങൾ പുറത്ത്, പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസ്

news image
Jan 11, 2024, 6:49 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരത്തിനടുത്ത് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ  പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്.എതിർ ദിശയിലെത്തിയ വാഹനം  തട്ടി വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു.ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ഫിദ ഫർസാന പരിക്കേറ്റ് ചികിത്സയിലാണ്.  സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്ന് ഒരു പിക്കപ്പിന്‍റെ മുൻവശം തട്ടിയാണ് സ്കൂട്ടർ ബസിന് മുന്നിലേക്ക് വീണതെന്ന്  വ്യക്തമാവുകയായിരുന്നു.

കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഡ്മാസ് എന്ന് പേരെഴുതിയ  ഏയ്സ് പിക്കപ്പ് വാനാണ് സ്കൂട്ടറിനെ ഇടിച്ചത്.അപകട ശേഷം നിർത്താതെ പോയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കും .പിക്കപ്പ് ഡ്രൈവർക്കെതിരെ 304 എ വകുപ്പ് പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. നേരത്തെ എതിര്‍ദിശയിലെത്തിയ കാറില്‍ തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീണതെന്നായിരുന്നു വിവരം. എന്നാല്‍, കൂടുതല്‍ പരിശോധനയില്‍ അപകടത്തിന്‍റെ കാരണം പിക്കപ്പ് വാനാണെന്ന് വ്യക്തമാവുകയായിരുന്നു. ഫാത്തിമ മിന്‍സിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe