ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് പിന്തുണയുമായി ഇസ്രായേൽ . ലക്ഷദ്വീപിലെ ശുദ്ധജല വിതരണത്തിന് സഹായിക്കുന്ന പദ്ധതിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എക്സ് പ്ലാറ്റ്ഫോമിൽ ഇട്ട പോസ്റ്റിൽ ലക്ഷദ്വീപിന്റെ ആകർഷകമായ സൗന്ദര്യം വെളിവാക്കുന്ന ചിത്രമാണ് ഇസ്രായേൽ എംബസി ഷെയർ ചെയ്തത് . ദ്വീപിലെ അതിമനോഹരമായ ബീച്ചുകളും വെള്ളത്തിനടിയിലുള്ള ദൃശ്യങ്ങളും ഉൾക്കൊള്ളുന്ന നിരവധി ചിത്രങ്ങൾ എംബസി ഷെയർ ചെയ്തിട്ടുണ്ട്. ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം തങ്ങൾ കഴിഞ്ഞ വർഷം ലക്ഷദ്വീപിലായിരുന്നുവെന്നും കടൽജലം ശുദ്ധീകരിക്കാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കാൻ ഇസ്രായേൽ തയ്യാറാണെന്നും ഇസ്രായേൽ എംബസി അധികൃതർ വ്യക്തമാക്കി. ലക്ഷദ്വീപിൽ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇസ്രായേൽ എംബസി വക്താവ് ഗയ് നിർ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി മോദിയെ ‘ഇസ്രായേലിന്റെ കോമാളിയും പാവയും’ എന്ന് വിളിക്കുകയും ചെയ്ത് മാലിദ്വീപിലെ മന്ത്രി മറിയം ഷിയുന വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പരോക്ഷ മറുപടിയുമായാണ് ഇസ്രയേൽ രംഗത്തെത്തിയിരിക്കുന്നത്. ഇവരടക്കം മോദിയെ അധിക്ഷേപിച്ച മൂന്ന് മന്ത്രിമാരെ മാലിദ്വീപ് സസ്പെൻഡ് ചെയ്തിരുന്നു. മന്ത്രിമാരായ മറിയം ഷിയുന, മൽഷ, ഹസൻ ജിഹാൻ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. മന്ത്രിയായ മൽഷ മോദിയെ പരിഹസിക്കുന്ന ഇമോജികൾ ഉപയോഗിച്ച് മോദിയുടെ വീഡിയോയും എക്സിൽ പങ്കുവച്ചിരുന്നു.
മാലിദ്വീപിലേക്ക് പോകുന്നതിനുപകരം ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പല സെലിബ്രിറ്റികളും ‘എക്സിൽ’ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, സച്ചിൻ ടെണ്ടുൽക്കർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ‘ഇന്ത്യൻ ദ്വീപുകളും’ ബീച്ചുകളും സന്ദർശിക്കാൻ ആളുകളോട് അഭ്യർത്ഥിച്ചു.