ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം; സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എംബസി

news image
Dec 28, 2023, 4:24 am GMT+0000 payyolionline.in
ഇസ്രയേൽ: ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് സ്ഫോടനം നടന്ന സംഭവത്തിൽ പ്രതികരണവുമായി എംബസി അധികൃതർ.
ഭീഷണിയുണ്ടെന്ന് ഇസ്രായൽ എംബസി ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. രണ്ട് മാസം മുൻപാണ് മുന്നറിയിപ്പ് നൽകിയത്. സുരക്ഷ വർധിപ്പിക്കണമെന്നും ഇസ്രായേൽ എംബസി ആവശ്യപ്പെട്ടിരുന്നു. എംബസിയിൽ രണ്ട് മാസം മുൻപ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ ആയിരുന്നു ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിച്ചത്. അതേ സമയം സ്ഫോടനം നടത്തിയത് ആരെന്ന് നിഗമനത്തിൽ ഇതുവരെ എത്താനായിട്ടില്ല.

ഡിസംബർ 26 നാണ് ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് മീറ്ററുകള്‍ അടുത്ത് ഹിന്ദി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നടത്താണ്  പൊട്ടിത്തെറിയുണ്ടായത്. പൊലീസ്, ഫയർഫോഴ്സ്, ഫൊറന്‍സിക് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

വലിയ പൊട്ടിത്തെറി കേട്ടെന്നും പുകപടലങ്ങള്‍ ഉയർന്നെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ പൊലീസിന് മൊഴി നല്‍കി. എംബസിക്ക് മീറ്ററുകൾ അകലെ നിന്നും വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും പുക ഉയര്‍ന്നുവെന്നും സുരക്ഷാ ജീവനക്കാരൻ തേജവ് ഛേത്രിയും പ്രതികരിച്ചു. പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണെന്നും തേജവ് വ്യക്തമാക്കി. കനത്ത ജാഗ്രതയിലാണ് എംബസി പരിസരം. ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകിട്ട് അഞ്ച് മണിയോടെ ദില്ലിയിലെ എംബസിക്ക് സമീപത്ത് വെച്ച് പൊട്ടിത്തെറി ശബ്ദം ഉണ്ടായതായി ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe