400 കോടിയിലധികം കുടിശ്ശിക; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

news image
Dec 26, 2023, 5:01 am GMT+0000 payyolionline.in

കോഴിക്കോട്: കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. 400 കോടി രൂപയിലധികമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത്. നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറി.

സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം സര്‍ക്കാര്‍ പണം കൈമാറണമെന്നതാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശയും നല്‍കണം. എന്നാല്‍ മാസങ്ങളായി പണം കുടിശ്ശികയാണ്. മലപ്പുറം ജില്ലയില്‍ മാത്രം നൂറു കോടി രൂപയോളം സ്വകാര്യ ആശുപത്രികള്‍ക്ക് കിട്ടാനുണ്ട്. ഇടത്തരം ആശുപത്രികളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറി. കുടിശ്ശിക കൊടുത്തു തീര്‍ത്തില്ലെങ്കില്‍ മറ്റു ആശുപത്രികളും പദ്ധതിയില്‍ നിന്നും ഒഴിവാകും. നിര്‍ധനരായ രോഗികളെയും ഇത് പ്രതികൂലമായി ബാധിക്കും.

ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയില്‍ കുടിശ്ശിക തുക ഉടന്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. രണ്ടു മാസം പിന്നിട്ടെങ്കിലും നാമമാത്രമായ തുക മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇനി കുടിശ്ശിക തുക കിട്ടാതെ മുന്നോട്ട് പോകാനാവില്ലെന്ന് തന്നെയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ പറയുന്നത്. കേന്ദ്ര സഹായം കിട്ടാത്തതും പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം കൂടിയതുമൊക്കെ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe