സഖ്യം തന്നെ രക്ഷ! നീക്കം ശക്തമാക്കി കോൺഗ്രസ്, സമിതി രൂപീകരിച്ചു; കരുനീക്കാൻ ഗെലോട്ടും ബാഗലും, വാസ്നിക് കൺവീന‍ർ

news image
Dec 19, 2023, 12:12 pm GMT+0000 payyolionline.in

ദില്ലി: ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സഖ്യനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. വിവിധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനായി കോൺഗ്രസ് സമിതി രൂപികരിച്ചു. സഖ്യനീക്കങ്ങൾക്കായി 5 അംഗ സമിതിയാണ് കോൺഗ്രസ് രൂപീകരിച്ചിരിക്കുന്നത്. മുകുൾ വാസ്നിക്കാണ് സമിതിയുടെ കൺവീനർ. വാസ്നിക്കിനൊപ്പം സമിതിയിൽ അശോക് ഗലോട്ട്, ഭൂപേഷ് ബാഗേൽ എന്നവരും സഖ്യ നീക്കങ്ങൾക്കായി കരുനീക്കും. ‘ഇന്ത്യ’ സഖ്യത്തിന്‍റെ നാലാമത് വിശാല യോഗം ചേരാനിരിക്കെയാണ് കോൺഗ്രസ് സഖ്യനീക്കത്തിനായി സമിതി രൂപീകരിച്ചത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം ‘ഇന്ത്യ’ സഖ്യത്തിന്‍റെ നാലാമത് വിശാല യോഗം ദില്ലിയിലാണ് ചേരുക. ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനൽ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ ഉയിർത്തെഴുന്നേൽപ്പാണ് പ്രതിപക്ഷ സഖ്യം ലക്ഷ്യമിടുന്നത്. ഒന്നിച്ച് നിൽക്കേണ്ടത് എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യമാണെന്നും, ഇനിയും ഒന്നിച്ചുപോകാനായില്ലെങ്കിൽ 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്നുമുള്ള തിരിച്ചറിവിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.

വരാനിരിക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് നിൽക്കേണ്ടതിന്‍റെ ആവശ്യകതയാകും ‘ഇന്ത്യ’ മുന്നണിയുടെ നാലാം വിശാലയോഗത്തിൽ പ്രധാനമായും ചർച്ചയാകുക. ലോക് സഭ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനത്തെകുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളും ഇന്നത്തെ വിശാല യോഗത്തിൽ നടക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും യോഗം വിലയിരുത്തും. പാര്‍ലമെന്‍റിലെ അതിക്രമവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ എം പിമാർക്ക് കൂട്ട സസ്പെൻഷൻ ലഭിച്ചതടക്കമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്യും. ഇന്നലെ 78 എം പിമാരെയും ഇന്ന് 50 എം പിമാരെയുമാണ് പാർലമെന്‍റിലെ ഇരു സഭകളിൽ നിന്നുമായി സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിൽ മൊത്തം 142 പ്രതിപക്ഷ എം പിമാരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ തുടര്‍ പ്രതിഷേധ നടപടികളും ‘ഇന്ത്യ’ സഖ്യത്തിന്‍റെ നാലാം വിശാല യോഗത്തിൽ ചര്‍ച്ചയാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe