അപകടങ്ങൾ ഒഴിവാക്കാൻ മധ്യ റെയിൽവേ; ട്രെയിൻ ചുവപ്പ് സിഗ്‌നൽ കണ്ടില്ലെങ്കിലും‘സിലാസ്’ വിളിച്ചുപറയും

news image
Dec 7, 2023, 3:59 pm GMT+0000 payyolionline.in

മുംബൈ: മോട്ടർമാൻമാർ സിഗ്‌നലുകൾ കാണാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മധ്യറെയിൽവേ ലോക്കൽ ട്രെയിനുകളിൽ സിഗ്‌നൽ ലൊക്കേഷൻ അനൗൺസ്മെന്റ് സിസ്റ്റം (സിലാസ്) എന്ന സംവിധാനം ക്രമീകരിക്കുന്നു. ചുവപ്പ് സിഗ്‌നൽ മുൻപിൽ ഉണ്ടെങ്കിൽ ട്രെയിൻ അവിടേക്ക് എത്തുന്നതിനു മുൻപേ സിലാസ് ഈ വിവരം വിളിച്ചുപറയും. മോട്ടർമാന്റെ ക്യാബിനുള്ളിലാണ് ഇതിനുള്ള ഉപകരണം സ്ഥാപിക്കുക. നിലവിൽ ഒരു ലോക്കൽ ട്രെയിനിൽ ഇത് സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ 10 ട്രെയിനുകളിൽ ഉപകരണം സ്ഥാപിക്കുമെന്ന് മധ്യറെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. സംവിധാനം വിജയകരമെന്നു കണ്ടാൽ മുഴുവൻ ലോക്കൽ ട്രെയിനുകളിലും ഇത് സ്ഥാപിക്കും.

എന്താണ് സിലാസ്
റൂട്ടിലെ എല്ലാ സിഗ്‌നൽ പോസ്റ്റുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ഫീഡ് ചെയ്തിട്ടുള്ള ബോക്‌സ് ആകൃതിയിലുള്ള ഉപകരണമാണ് സിലാസ്. ബോക്സിന്റെ മധ്യഭാഗത്ത് ഒരു സ്പീക്കർ ഉണ്ട്. ട്രെയിൻ സിഗ്‌നൽ പോസ്റ്റിന് 350 മീറ്റർ അടുത്തെത്തുമ്പോൾ ഉപകരണം ആദ്യത്തെ മുന്നറിയിപ്പ് നൽകും. 250 മീറ്റർ അകലെയായിരിക്കുമ്പോൾ വീണ്ടും മുന്നറിയിപ്പ് നൽകും. സിഗ്‌നൽ ഇടതുഭാഗതാണോ വലതുഭാഗത്താണോ എന്നു പോലും സിലാസ് അറിയിക്കും.

മോട്ടർമാൻമാർ സിഗ്‌നൽ കാണാതെ പോകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് അവരെ സഹായിക്കാൻ പ്രത്യേക ഉപകരണം സ്ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 31ന്സിഎസ്എംടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ചുവന്ന സിഗ്‌നൽ മറികടന്ന് തെറ്റായ പാതയിൽ പ്രവേശിച്ചത് ആശങ്ക പരത്തിയിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ മോട്ടർമാൻ സിഗ്‌നൽ ശ്രദ്ധിച്ചില്ലെന്ന് വ്യക്തമായി. തുടർന്ന്, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe