‘പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടും കുസാറ്റ് രജിസ്ട്രാർ നടപടിയെടുത്തില്ല’; വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്

news image
Nov 27, 2023, 12:18 pm GMT+0000 payyolionline.in

കൊച്ചി:കുസാറ്റ് ദുരന്തത്തിൽ സർവകലാശലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എന്‍ജിനീയറിങ് പ്രിൻസിപ്പാൾ രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തു വന്നത്. കത്ത് ലഭിച്ചിട്ടും രജിസ്ട്രാർ നടപടി എടുത്തില്ല എന്നാണ് ആരോപണം. ഇതിനിടെ, അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയിൽ യോഗം ചേർന്നു. കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പളിന്‍റെ പേരിൽ പുറത്ത് വന്ന കത്തിലാണ് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 

അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ദിഷ്ണ 2023 എന്ന പേരിൽ സ്കൂള്‍ ഓഫ് എന്‍ജിനീയറിങിലെ വിദ്യാർത്ഥികൾ 24,25 തീയതികളിൽ പരിപാടി നടത്തുന്നുണ്ട് എന്നും ആവശ്യത്തിനു പൊലീസ് സുരക്ഷവേണം എന്നും കത്തിൽ ഉണ്ട്‌. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാൻ സാധ്യതയുണ്ട്. പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പൊലീസിനെ ഉറപ്പാക്കേണ്ടത്.

പ്രിൻസിപ്പൾ നൽകിയ ഈ കത്തിൻമേൽ സർവകലാശാല റജിസ്ട്രാർ വേണ്ട നടപടി സ്വീകരിച്ചില്ല എന്നും പൊലീസിനെ അറിയിച്ചില്ല എന്നുമാണ് ആരോപണം. എന്നാല്‍ കത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ വൈസ് ചാന്‍സിലര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ദിഷ്ണ എന്ന പരിപാടിയെകുറിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് ദുരന്തം ദിവസം തന്നെ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, പരിപാടി നടക്കുന്നത് പൊലീസിന് അറിയമായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ ആറ് പൊലീസുകാര്‍ അവിടെയുണ്ടായിരുന്നുവെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയത്.

അതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതിയും സർവകലാശാല സിൻഡിക്കറ്റ് സമിതിയും യോഗം ചേർന്നു. ഇതിനിടെ, കുസാറ്റ് വിസിയെ  അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്‍റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ  അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗവർണർക്ക് കത്ത് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe