തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
ഈ മാസം ആദ്യം സര്‍ക്കാര്‍ 30 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നൽകിയിരുന്നു. കോർപറേഷന് ഈവർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈവർഷം ഇതുവരെ അനുവദിച്ചത് 1234.16 കോടിയും. രണ്ടാം പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം ആകെ 4933.22 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ ആകെ നൽകിയത് 9886.22 കോടി രൂപയും.
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്.
യൂണിയൻ ഭേദമന്യേ കെഎസ്ആർടിസിയിലെ ജീവനക്കാർ ഏറെ നാളായി ഉയർത്തിയ ആവശ്യത്തിനാണ് അംഗീകാരമാകുന്നത്. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് പോവുകയാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും വീണ്ടും കാക്കി വേഷമാകും. പുരുഷ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള പാന്‍സും, ഒരു പോക്കറ്റുളള ഹാഫ് സ്ലീവ് ഷർട്ടും (പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം), വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും.