‘എംവിഡി അന്യായമായി പിഴ ഈടാക്കുന്നു’; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

news image
Nov 21, 2023, 5:10 am GMT+0000 payyolionline.in

കൊച്ചി: മോട്ടോർ വാഹന വകുപ്പ്‌ അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2023 മെയിൽ നിലവിൽ വന്ന ഓൾ ഇന്ത്യാ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം, ഓരോ പോയിന്റിലും നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

ഹർജിയിൽ മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് കോടതി ഇടക്കാല ഉത്തരവിൽ അനുവാദം നൽകിയിരുന്നു. പെർമിറ്റ് ചട്ടലംഘനമുണ്ടായാൽ പിഴ ഈടാക്കി, വാഹനത്തിന്റെ യാത്ര തുടരാനും കോടതി അനുമതി നൽകിയിരുന്നു. മറ്റ് ചില ഹർജിക്കാരുടെ വാഹനങ്ങൾക്ക് പിഴ ഇട്ട നടപടിയും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

ഇതിനിടെ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില ഭേദഗതികൾ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ ഹർജി പരിഗണിക്കുന്നത് നീട്ടിയിരുന്നു. കേസ് വ്യാഴാഴ്ചയായിരിക്കും പരിഗണിക്കുക. ഹർജിയിൽ മറുപടി നൽകാൻ  കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നല്‍കി. ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്ര നിയമത്തിനെതിരെ ഹർജി നൽകാൻ സർക്കാരിന് കീഴിൽ ഉള്ള  കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും എന്ന സംശയം കോടതി പ്രകടിപ്പിച്ചു.

നിയമത്തെ ചോദ്യം ചെയ്യാൻ എന്തെങ്കിലും കാരണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 ലെ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ രണ്ട് വകുപ്പുകൾ 1988 ലെ മോട്ടോർ വാഹന നിയമത്തിനെതിരാണെന്നാണ് കെഎസ്ആര്‍ടിസിയുടെ ആരോപണം. ദേശസാത്കൃത റൂട്ടിലൂടെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉപയോഗിച്ചുകൊണ്ട് സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe