ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്നകേസ്: വിധി നവംബര്‍ 14 ശിശുദിനത്തില്‍

news image
Nov 9, 2023, 1:43 pm GMT+0000 payyolionline.in

കൊച്ചി: ആലുവയില്‍ അഞ്ചുവസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത്‌കൊന്ന കേസില്‍ നവംബര്‍ 14 ന് ശിക്ഷ വിധിക്കും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14-ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്.എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങി പ്രതിക്കെതിരേ പൊലീസ് ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് നവംബര്‍ നാലിന് കോടതി വ്യക്തമാക്കിയിരുന്നു

വധശിക്ഷ ലഭിക്കാവുന്നതാണ് അഞ്ച് കുറ്റങ്ങള്‍. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള റിപ്പോര്‍ട്ടുകള്‍ ജഡ്ജി തേടിയിരുന്നു. ജയില്‍ സൂപ്രണ്ട്, പ്രൊബേഷന്‍ ഓഫീസര്‍, സര്‍ക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ക്കുപുറമെ ഇരയുടെ കുടുംബസാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ടുമാണ് തേടിയത്. മുദ്രവച്ച കവറില്‍ നാല് റിപ്പോര്‍ട്ടുകളും ഹാജരാക്കി. പ്രതിക്ക് പറയാനുള്ളതെന്താണെന്ന് കോടതി ആരാഞ്ഞു. തുടര്‍ന്ന് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടു. റിപ്പോര്‍ട്ടുകള്‍കൂടി പരിഗണിച്ചശേഷമാണ് കോടതി  വിധി പറയുക.

കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് ശിശുദിനത്തിലാണെന്നതും പ്രത്യേകതയാണ്.വ്യാഴാഴ്ച നടന്ന വാദത്തില്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി വിലയിരുത്തിയിരുന്നു.

വ്യാഴാഴ്ച രാവിലെ പത്തരയോടെ തന്നെ പ്രതി അസ്ഫാകിനെ ജയിലില്‍നിന്ന് കോടതിയില്‍ എത്തിച്ചു. 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചു. നീതിയുക്തമായത് ചെയ്യണമെന്നായിരുന്നു അസ്ഫാക് ആലം മറുപടി നല്‍കിയത്. ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗവും കോടതിയില്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കരുത്, പ്രായം പരിഗണിക്കണം. മനഃപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇയാളെ വീണ്ടും സമൂഹത്തിലേക്ക് വിട്ടാല്‍ അത് ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്കും ഭീഷണിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe