പകര്‍പ്പവകാശ ലംഘനം; പൊറാട്ട് നാടകം സിനിമ കോടതി വിലക്കി, സൈജു കുറുപ്പിനെതിരെ ഗുരുതര ആരോപണം

news image
Nov 7, 2023, 3:59 pm GMT+0000 payyolionline.in

കൊച്ചി: നൌഷദ് സഫ്രോണ്‍ സംവിധാനം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ പൊറാട്ട് നാടകം എന്ന ചിത്രം കോടതി വിലക്കി. എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് കോടതിയുടെതാണ് ഉത്തരവ്. പകര്‍പ്പവകാശ ലംഘനം അടക്കം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്‍റെ റിലീസ് കോടതി തടഞ്ഞത്. എഴുത്തുകാരന്‍ വിവിയന്‍ രാധാകൃഷ്ണന്‍, നിര്‍മ്മാതാവ് അഖില്‍ ദേവ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

ശുഭം എന്ന പേരില്‍ സിനിമയാക്കാന്‍ വേണ്ടി വിവിയന്‍ രാധാകൃഷ്ണന്‍ എഴുതിയ തിരക്കഥയാണ് പൊറാട്ട് നാടകമാക്കി മാറ്റിയത് എന്നാണ് കോടതി കണ്ടെത്തിയത്. 2018 ല്‍ ഈ തിരക്കഥയുടെ അവകാശം നിര്‍മ്മാതാവായ അഖില്‍ ദേവ് വാങ്ങിയിരുന്നു. പൊറാട്ട് നാടകത്തിന്‍റെ തിരക്കഥകൃത്ത് സുനീഷ് വരനാടാണ്.  തങ്ങളുടെ കൈയ്യിലുള്ള തിരക്കഥ ചിത്രീകരിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ കഴിഞ്ഞ ശേഷമാണ് ഇത് സിനിമയാക്കിയ കാര്യം അറിഞ്ഞത് എന്നാണ് പരാതിക്കാര്‍ പറയുന്നത്.

വിജയന്‍ പള്ളിക്കരയും, ഗായത്രി വിജയനുമാണ് പൊറാട്ട് നാടകം നിര്‍മ്മിച്ചിരിക്കുന്നത്. പരാതിക്കാര്‍ക്ക് വേണ്ടി ഹാജറായത് അഡ്വ. സുകേഷ് റോയിയും, അഡ്വ മീര മേനോനുമാണ്. അതേ സമയം പൊറാട്ട് നാടകത്തിലെ നായകനായ സൈജു കുറുപ്പിന് തിരക്കഥ വായിക്കാന്‍ നല്‍കിയിരുന്നെന്നും സൈജു കുറുപ്പാണ് ഇതിന് പിന്നില്‍ എന്നും ആരോപിച്ച്  അഖില്‍ ദേവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

മനുഷ്യത്വമില്ലാത്ത രീതിയിൽ സിനിമ മേഖലയിൽ ഈയിടെയായി ഇത്തരം കേസുകൾ നിരവധിയുണ്ട് , എന്ത് ചെയ്യണെമന്നറിയാതെയും, ഭീഷണികളും കാരണം ആരും ഇതു പുറത്തു പറയാറില്ല , ഇത്തരത്തിൽ സ്വാർത്ഥ ചിന്താഗതിയോടെ മറ്റുള്ളവരുടെ കഴിവുകളും അംഗീകാരങ്ങളും തട്ടിയെടുത്ത് ജനമധ്യത്തിൽ പേരെടുത്ത് നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക- എന്നാണ് അഖില്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe