ന്യൂദൽഹി: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നതിനിടെ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം റഈസിയും ചർച്ച നടത്തി. സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സംഘർഷാവസ്ഥ ഒഴിവാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. മാനുഷിക സഹായം ലഭ്യമാക്കുന്നത് തുടരണമെന്ന് ടെലഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും ഊന്നിപ്പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയിലെ ദുഷ്കരമായ സാഹചര്യത്തെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഭീകര സംഭവങ്ങളിലും ആക്രമണങ്ങളിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും മോദി ആശങ്ക പ്രകടിപ്പിച്ചു. ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ ദീർഘകാലമായി തുടരുന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
ബഹുമുഖ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതിയും നേതാക്കൾ അവലോകനം ചെയ്തു. പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇറാനിലെ ചാബഹാർ തുറമുഖത്തിന് നൽകിയ ശ്രദ്ധയും മുൻഗണനയും മോദിയും റഈസിയും സ്വാഗതം ചെയ്തു.
അതിനിടെ, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന മനുഷ്യക്കുരുതി 10,000 കവിഞ്ഞു. ഇന്നത്തെ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുൾപ്പെടെ 10,022 പേർ വീരമൃത്യു വരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 4,104 പേർ കുട്ടികളാണ്. 2,641 പേർ സ്ത്രീകളും. ഒക്ടോബർ 7 മുതൽ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി.