എ.ഐ ക്യാമറകളുടെ പിഴ കിട്ടിയിട്ടും അടയ്ക്കാത്തവര്‍ക്ക് പണി വരുന്നു; ഡിസംബര്‍ ഒന്നു മുതല്‍ പുതിയ മാറ്റം

news image
Nov 6, 2023, 1:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി.

എ.ഐ. ക്യാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ  ഒക്ടോബർ 31 വരെ  സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്. ഈ വർഷം സെപ്റ്റംബർ മാസം റോഡപകടങ്ങളില്‍ 273 ജീവന്‍ നഷ്ടപ്പെട്ടു. എന്നാൽ കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ റോഡ് അപകടങ്ങളിൽ 365 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 340 പേർ റോഡപകടങ്ങളിൽ മരണമടഞ്ഞപ്പോൾ ഈ വർഷം ഒക്ടോബറിൽ ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 85 മരണങ്ങളാണ് ഉണ്ടായത്. അപകടാവസ്ഥയിലുള്ളവർ പലരും ചികിത്സയിലായതിനാൽ മരണ നിരക്കിൽ ഇനിയും വ്യത്യാസം വരാമെന്നും ഔദ്യോഗിക പ്രസ്താവന പറയുന്നു.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഒക്ടോബർ വരെ  74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ 21,865. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 16,581. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത്-23,296, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ്‌ ധരിക്കാത്തത്- 25,633,  മൊബൈൽ ഫോൺ ഉപയോഗം-662, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ  റൈഡ്- 698 തുടങ്ങിയവയാണ് ഒക്ടോബർ മാസം  കണ്ടെത്തിയ നിയമ ലംഘനങ്ങൾ. ഇക്കാലയളവില്‍ എം.എല്‍.മാരുടെയും എം.പിമാരുടെയും 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe