‘വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും’; മാധ്യമങ്ങളോട് സുരേഷ് ഗോപി

news image
Nov 1, 2023, 1:56 pm GMT+0000 payyolionline.in

കൊച്ചി: മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ‌’ എന്നു പറഞ്ഞാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങിയത്. കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.

ഇന്നു തൃശൂരിൽ മറ്റൊരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങിയപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് സുരേഷ് ഗോപി ഒഴിഞ്ഞുമാറിയിരുന്നു. ‘‘വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?’’– എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

കോഴിക്കോട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്. . ശരീരത്തിൽ സ്പർശിച്ചതിനും ലൈംഗികച്ചുവയോടെ സംസാരിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ-1, 4) വകുപ്പുകൾ‌ ചേർത്താണു കേസ്. സംഭവത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe