നെടുമ്പാശേരി: ബോംബ് ഉണ്ടാക്കാനുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഡൊമിനിക് മാർട്ടിൻ വാങ്ങിയതു കുട്ടികൾക്കു കളിപ്പാട്ടം നിർമിക്കാനെന്നു കള്ളം പറഞ്ഞ്. എറണാകുളം പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു സമീപത്തെ ഇലക്ട്രോണിക്സ് കടകളിൽ നിന്നാണു 4 റിമോട്ടും വയറുകളുമുൾപ്പെടെയുള്ളവ വാങ്ങിയത്. സംശയം തോന്നാതിരിക്കാൻ രണ്ടോ മൂന്നോ കടകളിൽ നിന്നായാണ് ഇവ വാങ്ങിയത്.
വെള്ളിയാഴ്ച രാവിലെ ആവശ്യമായ സാമഗ്രികളെല്ലാം വാങ്ങി ഫ്ലാറ്റിലെത്തി. പിന്നീടു തൃപ്പൂണിത്തുറയിലെ കടയിൽനിന്നു ഗുണ്ടും വിവിധ പമ്പുകളിൽനിന്നായി പെട്രോളും വാങ്ങി. പകൽ മുഴുവനും ഇവിടെ തങ്ങി ബോംബ് നിർമിച്ചെന്നാണു പൊലീസ് കരുതുന്നത്. ശനിയാഴ്ചയും ഡൊമിനിക് ഫ്ലാറ്റിലെത്തിയിരുന്നു. എന്നാൽ, അധികം സമയം ചെലവഴിക്കാതെ മടങ്ങി.
ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ഡൊമിനിക് അത്താണിയിലെ ഫ്ലാറ്റിലെത്തി തയാറാക്കി വച്ച ബോംബുകളുമെടുത്താണു കൺവൻഷൻ ഹാളിലേക്കു പോയത്.
അവിടെ സ്ഫോടനത്തിനു ശേഷം മടങ്ങി ഫ്ലാറ്റിലെത്തി കയ്യിൽ ബാക്കിയായ വസ്തുക്കളും സ്ഫോടനത്തിനുപയോഗിച്ച 2 റിമോട്ടുകളും ഇവിടെ വച്ച ശേഷമായിരുന്നു കൊരട്ടിയിലെ ലോഡ്ജിലെത്തി മുറിയെടുത്തതും ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട ശേഷം കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും.
ഇന്നലെത്തന്നെ തെളിവെടുപ്പു പൂർത്തിയാക്കാമെന്നാണു പൊലീസ് കരുതിയതെങ്കിലും ഫ്ലാറ്റിലെ തെളിവെടുപ്പ് നീണ്ടതിനാൽ അടുത്ത ദിവസവും തുടരും. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പടക്കക്കട, ഇലക്ട്രോണിക്സ് കടകൾ, പെട്രോൾ പമ്പുകൾ, ലോഡ്ജ്, കൊടകര പൊലീസ് സ്റ്റേഷൻ, കൺവൻഷൻ ഹാൾ, വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലെത്തിച്ചു തെളിവെടുക്കും. കുറ്റകൃത്യങ്ങൾ നടത്താനായി ഡൊമിനിക് ഉപയോഗിച്ചിരുന്ന സ്കൂട്ടർ കൊടകര പൊലീസ് സ്റ്റേഷനിലാണ്.