നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ; ഖത്തറില്‍ വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ മോചനം ശ്രമകരമാകും

news image
Oct 27, 2023, 5:32 am GMT+0000 payyolionline.in

ന്യൂഡൽഹി:  ഖത്തറിന്റെ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണു ചാരവൃത്തി ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യക്കാർ. തങ്ങളുടെ അന്തർവാഹിനി പദ്ധതിയെക്കുറിച്ച് ഇവർ ഇസ്രയേലിന് വിവരങ്ങൾ കൈമാറിയതിനു തെളിവുണ്ടെന്നാണു ഖത്തർ ഇന്ത്യയോടു വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ, നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു കുറ്റാരോപിതർ കുടുംബാംഗങ്ങളോടും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയിരുന്നു. ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോ ഇവരെ കസ്റ്റഡിയിലെടുത്തു രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യയ്ക്ക് ഒൗദ്യോഗികമായി വിവരം ലഭിച്ചത്.

 

രാജ്യസുരക്ഷാപരമായ പ്രശ്നമാണ് എന്നതിനാൽ പരിഹാരം ഏറെ ശ്രമകരമാകുമെന്നാണു വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 8 പേരെയും ആദ്യത്തെ ഏതാനും മാസം ഏകാന്ത തടവിലാണു പാർപ്പിച്ചിരുന്നത്. ഇതുതന്നെ ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള സൂചനയായി.

 

കുറ്റാരോപിതരുടെ കുടുംബങ്ങൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ജയിൽ സന്ദർശനം അനുവദിച്ചിരുന്നു എന്നതുകൊണ്ടു നടപടിപരമായ മര്യാദകൾ പാലിച്ചില്ലെന്ന് ആരോപിക്കാനാവില്ല. കുറ്റാരോപിതർക്കു മാപ്പു നൽകണമെന്ന് ആവശ്യപ്പെട്ടാൽ കുറ്റം അംഗീകരിക്കുന്നുവെന്നു വ്യാഖ്യാനമുണ്ടാവും – ഇനിയുള്ള പരിശ്രമങ്ങളുടെ പരിമിതി സൂചിപ്പിച്ചു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

8 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്. 2008ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ഖത്തർ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളുമായി പ്രതിരോധ സഹകരണത്തിനു കരാർ ഒപ്പുവച്ചിരുന്നു. ഖത്തർ അമീർ 2015ൽ ഇന്ത്യ സന്ദർശിച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ൽ ഖത്തർ സന്ദർശിച്ചു. കയറ്റിറക്കുമതി രംഗത്തും മികച്ച ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്.

 

എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയ സ്വഭാവമുള്ള ചില വിഷയങ്ങളുടെ പേരിൽ ഇരുരാജ്യങ്ങളുമായി അടുത്തകാലത്തു നയതതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാൻ ഇന്ത്യ നയതന്ത്രതലത്തിൽ നടത്തിയ പരിശ്രമങ്ങൾ ഫലിക്കാതിരുന്നതിന് അതു കാരണമായതായി സൂചിപ്പിക്കപ്പെടുന്നു.

ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുൾപ്പെടെ സഹായം അഭ്യർഥിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട പൂർണേന്ദു തിവാരിയുടെ സഹോദരി ഡോ.മീതു ഭാർഗവ കഴിഞ്ഞ ഒക്ടോബർ മുതലേ രാഷ്ട്രീയതലത്തിലും സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. നിയമ പോരാട്ടത്തിന് ഇന്ത്യ വലിയ തോതിൽ പണം ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഇനിയും നിയമപരമായ എല്ലാ മാർഗങ്ങളും നോക്കുമെന്നാണു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe