വധശ്രമക്കേസിൽ നാലംഗ ക്വട്ടേഷൻ സംഘം തിരുവല്ല പിടിയിൽ

news image
Oct 24, 2023, 2:08 pm GMT+0000 payyolionline.in

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നാലംഗ ക്വട്ടേഷൻ സംഘം വധശ്രമക്കേസിൽ പിടിയിലായി. മാവേലിക്കര നൂറനാട് പടനിലം അരുൺ നിവാസിൽ അക്കു എന്ന് വിളിക്കുന്ന അനിൽ കുമാർ (30), കാർത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന ജി. യദു കൃഷ്ണൻ (26), വിയപുരം കാരിച്ചാൽ കൊച്ചിക്കാട്ടിൽ വീട്ടിൽ കെ ഡി സതീഷ് കുമാർ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തിൽ റോയി എന്ന് വിളിക്കുന്ന ഷമീർ ഇസ്മയിൽ (32) എന്നിവരാണ് പിടിയിലായത്.

കവിയൂർ പഴംമ്പള്ളി തുണ്ട് പറമ്പിൽ വീട്ടിൽ മനീഷ് വർഗീസിനെ ( 38 ) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ തിരുവല്ല ഡി.വൈ.എസ്.പി എസ്.അഷാദിന്റെ നിർദേശ പ്രകാരം സി.ഐ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അതേസമയം, ആക്രമണത്തിന് പദ്ധതിയിടുകയും ക്വട്ടേഷൻ നൽകുകയും ചെയ്ത വിദേശ മലയാളിയെ കേസിൽ പിടികൂടാനുണ്ട്.

ഒക്ടോബർ 12ാം തീയതി ഉച്ചകഴിഞ്ഞ് നാല് മണിയോടെ കവിയൂർ പഴംപള്ളി ജംഗ്ഷന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം. വഴിയരികിൽ കാറിൽ കാത്തു കിടന്ന സംഘം ബൈക്കിൽ എത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനീഷിന്റെ പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാറിന്റെ അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

തുടർന്ന് അതിനൂതന സാങ്കേതിക വിദ്യയായ ഫോറൻസിക് വീഡിയോ അനാലിസിസ് സംവിധാനം ഉപയോഗിച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് കേസിലെ പ്രതിയായ അനിൽ കുമാറിന്റെ കൊടുമൺ നെടുമൺ കാവിന് സമീപത്തെ വീട്ടിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മനേഷ് വർഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വർഷം മുമ്പ് കവിയൂരിൽ വച്ച് കേസിൽ ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിയെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കുന്നതിനായി മനീഷിനെ ആക്രമിക്കുവാൻ തിരുവല്ല സ്വദേശിയായ ഗുണ്ടാ നേതാവിന് വിദേശ മലയാളി 1.40 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.

പിടിയിലായ പ്രതികൾ വധശ്രമം അടക്കം ഒട്ടനവധി കേസുകളിൽ പ്രതികൾ ആണെന്നും പൊലീസ് പറഞ്ഞു. പ്രത്യേക സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ മാരായ അഖിലേഷ് , ഉദയ ശങ്കർ, മനോജ്, സി.പി.ഒ അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe