വടകര: മടപ്പള്ളി കോളജ് ബസ് സ്റ്റോപ്പിനടുത്ത് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. കോട്ടയം പാല സ്വദേശിയായ സാലിയാണ് (60) മരിച്ചത്.
വെളുപ്പിന് അഞ്ചു മണിയോടെയാണ് സംഭവം. പാലായില്‍ നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലെ മരണ വീട്ടിലേക്കു പുറപ്പെട്ട 12 പേരടങ്ങിയ സംഘമാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട് വാന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വടകര അഗ്നിരക്ഷാസേനയുടെ രണ്ടു വാഹനത്തിലും 108 ആംബുലന്‍സിലുമായി വടകര ജില്ലാ ആശുപത്രിയിലും പാര്‍കോ ഹോസ്പിറ്റലിലും എത്തിച്ചു.
ഗുരുതര പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പാലാ, പാമ്പാടി സ്വദേശികളാണ് വടകരയിൽ ഹോസ്പിറ്റലില്‍ കഴിയുന്നത്.