സ്വർണ ഐ ഫോൺ മോഷണത്തിൽ വഴിത്തിരിവ്​; മോഷ്ടാവിന്‍റെ സന്ദേശം ലഭിച്ചതായി നടി ഉർവ്വശി റൗട്ടേല

news image
Oct 24, 2023, 5:33 am GMT+0000 payyolionline.in

ഇന്ത്യ-പാക്​ ലോകകപ്പ് മത്സരത്തിനിടെ നഷ്ടമായ സ്വർണ ഐ ഫോണിനെകുറിച്ച്​ പുതിയ വിവരങ്ങൾ പങ്കുവച്ച്​ നടി ഉർവ്വശി റൗട്ടേല. ഫോൺ കവർന്നയാളുടെ സന്ദേശം ലഭിച്ചു എന്നാണ്​ നടി പറയുന്നത്​. ഐഫോൺ മോഷ്ടിച്ചെന്ന് കരുതുന്നയാളുടെ സന്ദേശം താരം സോഷ്യൽമീഡിയയിലാണ്​ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന സന്ദേശമുണ്ട്​.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരം കാണാനെത്തിയ തന്‍റെ മൊബൈൽ ഫോൺ മോഷണം പോയെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ നടിതന്നെയാണ് ആദ്യം​ പുറത്തുവിട്ടത്​. ഫോണ്‍ കണ്ടെത്താന്‍ സഹായിക്കണമെന്നും ഉര്‍വശി അഭ്യർഥിച്ചിരുന്നു. 24 കാരറ്റ് ഗോൾഡ് കൊണ്ട്​ പൊതിഞ്ഞ ഐഫോൺ ആണ്​ നഷ്ടമായത്​.

ഫോൺ നഷ്ടമായ കാര്യം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച താരം അത് തിരിച്ചേൽപ്പിക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും ഫോണിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. അതിനുശേഷം ഇപ്പോഴാണ്​ ഐഫോണിനെ കുറിച്ചുള്ള പുതിയ വിവരം നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്​.

താരത്തിന്റെ ഐഫോൺ കൈവശമുണ്ടെന്നും തിരിച്ചു നൽകണമെങ്കിൽ രോഗിയായ തന്റെ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്. സഹോദരന് കാൻസർ ആണെന്നും ഇതിന്റെ ചികിത്സയ്ക്ക് നടി സഹായിക്കണമെന്നുമാണ് മോഷ്ടാവിന്റെ ആവശ്യം.

ഉർവശിയുടെ പരാതിയിൽ അഹമ്മദാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിനു നൽകിയ പരാതിയുടെ പകർപ്പടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe