യു.പിയിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് രോഗബാധ

news image
Oct 24, 2023, 5:04 am GMT+0000 payyolionline.in

ലഖ്നോ: യു.പിയിൽ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ കണ്ടെത്തി. കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ് രക്തം സ്വീകരിച്ച കുട്ടികളിൽ രോഗബാധ കണ്ടെത്തിയത്. രണ്ട് പേർക്ക് എച്ച്.ഐ.വി, അഞ്ച് പേർക്ക് ഹെപ്പറ്റൈറ്റിസ് സി, ഏഴ് പേർക്ക് ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.

കുട്ടികളിൽ കണ്ടെത്തിയ രോഗബാധ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ ആര്യ പറഞ്ഞു. എച്ച്.ഐ.വി ബാധയാണ് ഏറ്റവും ഗൗരവകരമെന്നും കുട്ടികൾ വിവിധ ഡിപ്പാർട്മെന്‍റുകളിൽ ചികിത്സ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ അളവിൽ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ ശരീരത്തിന് കഴിയാത്ത അവസ്ഥയാണ് തലാസീമിയ. കൃത്യമായ ഇടവേളകളിൽ രക്തം സ്വീകരിക്കുകയാണ് ഈ അസുഖത്തെ നേരിടാനുള്ള മാർഗങ്ങളിലൊന്ന്. ഇത്തരത്തിൽ രക്തം സ്വീകരിച്ച കുട്ടികളിലാണ് അസുഖം കണ്ടെത്തിയിരിക്കുന്നത്.

14 കുട്ടികൾ ഇക്കാലത്തിനിടെ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. എവിടെ നിന്ന് സ്വീകരിച്ച രക്തമാണ് അസുഖത്തിന് കാരണമായതെന്ന് കണ്ടെത്തുക പ്രയാസകരമാണ്.

ലാലാ ലജ്പത് റായ് ആശുപത്രിയിൽ 180 തലാസീമിയ രോഗികൾ രക്തം സ്വീകരിക്കുന്നുണ്ട്. എല്ലാ ആറുമാസം കൂടുമ്പോഴും ഇവർക്ക് അസുഖങ്ങൾ എന്തെങ്കിലുമുണ്ടോയെന്നുള്ള വിശദമായ പരിശോധനക്ക് വിധേയരാക്കും. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 14 കുട്ടികളിൽ മാരകമായ അസുഖങ്ങൾ കണ്ടെത്തിയത്.

സാധാരണഗതിയിൽ ഒരു വ്യക്തി രക്തം ദാനം ചെയ്യുമ്പോൾ തന്നെ അത് വിശദമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താറുണ്ടെന്ന് ഡോക്ടർ ആര്യ പറയുന്നു. എന്നാൽ ‘വിൻഡോ പിരീഡ്’ എന്ന പ്രത്യേക സാഹചര്യത്തിൽ ദാനം ചെയ്യുന്ന രക്തത്തിലെ രോഗകാരികളെ കണ്ടെത്തുക പ്രയാസമാണ്. ഒരാൾക്ക് വൈറസ് ബാധിക്കുന്ന തുടക്കഘട്ടമാണിത്. ഈ സമയത്തുള്ള പരിശോധനയിൽ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. രക്തം സ്വീകരിക്കുന്ന സമയത്ത് ഹെപ്പറ്റൈറ്റിസ് ബിക്കെതിരായ വാക്സിനും നൽകാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

ആറ് മുതൽ 16 വയസുവരെയുള്ളവരാണ് ഇപ്പോൾ അസുഖം സ്ഥിരീകരിച്ച കുട്ടികൾ. കാൺപൂർ, ദെഹാത്, ഫറൂഖാബാദ് തുടങ്ങി യു.പിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

എവിടെ നിന്ന് രക്തം സ്വീകരിച്ചപ്പോഴാണ് കുട്ടികൾക്ക് വൈറസ് പകർന്നതെന്ന് അന്വേഷിച്ച് കണ്ടെത്തുമെന്ന് നാഷണൽ ഹെൽത്ത് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe