വൻ വിലവർധനയ്ക്ക് സപ്ലൈകോ; സബ്സിഡി ഇനങ്ങളുടെ വില കൂട്ടണമെന്ന് ആവശ്യം

news image
Oct 23, 2023, 11:21 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ 13  സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ സർക്കാരിനെ സമീപിച്ചു. 20–30% വില കുറച്ച് ഫ്രീ സെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥാപനത്തിലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം. സപ്ലൈകോയുടെ കത്ത് ഭക്ഷ്യപൊതുവിതരണ മന്ത്രി സർക്കാരിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. 500 കോടി രൂപ ഉടൻ കിട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നും സപ്ലൈകോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപ സർക്കാർ സപ്ലൈകോയ്ക്കു നൽകാനുണ്ട്. കോവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിലുണ്ട്. ഇക്കൊല്ലം ബജറ്റിൽ സപ്ലൈകോയ്ക്കു നീക്കിവച്ചത് 190.80 കോടി രൂപയാണ്. ഇതിൽ 140 കോടി രൂപ നൽകി.

എന്നാൽ, വിതരണക്കാർക്കുള്ള സപ്ലൈകോയുടെ കുടിശിക 600 കോടിയിലേറെയാണ്. മുൻകൂർ പണം കിട്ടാതെ സാധനങ്ങൾ നൽകാൻ വിതരണക്കാർ തയാറല്ലാത്തതിനാൽ 1500ൽ പരം വിൽപനകേന്ദ്രങ്ങളിൽ പല സാധനങ്ങളും സ്റ്റോക്കില്ല. സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് ഉണ്ടെങ്കിൽ മാത്രമേ ജനം വിൽപനകേന്ദ്രങ്ങളിലെത്തൂ. ഇതോടൊപ്പം നോൺ സബ്സിഡി സാധനങ്ങളും ഫ്രീ സെയിൽ സബ്സിഡി സാധനങ്ങളും ഇവർ വാങ്ങുന്നതാണ് സപ്ലൈകോയുടെ വരുമാനം. മാസങ്ങളായി ഇതു നടക്കുന്നില്ല. പ്രതിദിന വരുമാനം 9–10 കോടിയിൽനിന്ന് 4 കോടിയിൽ താഴെയായി. മുൻപു മാസത്തിന്റെ അവസാന പ്രവൃത്തിദിനത്തിൽ തന്നെ നൽകിയിരുന്ന ശമ്പളം ഇക്കുറി 5 ദിവസം വൈകി.

 

ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് മണ്ഡലപര്യടനം നടത്താൻ മന്ത്രിസഭ തീരുമാനിച്ചിരിക്കെ വില കൂട്ടാനുള്ള സപ്ലൈകോയുടെ ആവശ്യം പരിഗണിക്കുക സർക്കാരിനു പ്രയാസമാകും. 7 വർഷമായി വില കൂട്ടിയിട്ടില്ലെന്ന വാദവുമായാണ് വിലക്കയറ്റ ആരോപണങ്ങളെ സർക്കാർ പലപ്പോഴും നേരിടുന്നത്. വിലവർധനയ്ക്കു പകരം ധനസഹായം നൽകാൻ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ അനുവദിക്കുന്നുമില്ല.

സബ്സിഡി ഇനങ്ങളും നിലവിലെ വിലയും

1. ചെറുപയർ ഒരു കിലോഗ്രാം 74 രൂപ

2. ഉഴുന്ന് ഒരു കിലോ 66 രൂപ

3. വൻകടല ഒരു കിലോ 43 രൂപ

4. വൻപയർ ഒരു കിലോ 45 രൂപ

5. തുവരപ്പരിപ്പ് ഒരു കിലോ 65 രൂപ

6. മുളക് 500 ഗ്രാം 75 രൂപ

7. മല്ലി 500 ഗ്രാം 79 രൂപ

8. പഞ്ചസാര ഒരു കിലോ 22 രൂപ

9. വെളിച്ചെണ്ണ അര ലീറ്റർ 46 രൂപ

10. ജയ അരി 25 രൂപ

11. കുറുവ അരി 25 രൂപ

12. മട്ട അരി 24 രൂപ

13. പച്ചരി 23 രൂപ

(എല്ലാ അരി ഇനങ്ങളും കൂടി പരമാവധി 10 കിലോഗ്രാം).

പൊതുവിപണിയിൽ 1400 രൂപ വില വരുന്ന ഇവയെല്ലാംകൂടി 756 രൂപയ്ക്കു വിൽക്കുന്നതായാണു സപ്ലൈകോയും സർക്കാരും ചൂണ്ടിക്കാട്ടുന്നത്. മാസം 35– 45 ലക്ഷം പേരാണു സബ്സിഡി സാധനങ്ങൾ വാങ്ങുന്നത്. പുറമേ തേയില, വിവിധ കറിപ്പൊടികൾ തുടങ്ങിയവയും വില കുറച്ചുനൽകുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe