വിസ തട്ടിപ്പ്; 59,000 രൂപ കൊടുത്ത് ‘വിസ’ വാങ്ങിയവര്‍ നിരവധി, ദുബൈയിലെ പല കമ്പനികളിലേക്കും ‘നിയമനം’; ഒടുവില്‍ അറസ്റ്റ്

news image
Oct 23, 2023, 8:16 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: വിസ തട്ടിപ്പ് കേസില്‍ ഏഴ് പേരടങ്ങുന്ന സംഘത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി വ്യാജ റിക്രൂട്ടിങ് കമ്പനികളിലൂടെ ആയിരക്കണക്കിന് പേരെ കബളിപ്പിച്ച് പണം തട്ടിയ സംഘമാണ് പിടിയിലായത്. സംഘത്തലവന്‍ ഇനാമുല്‍ ഹഖ് എന്നയാള്‍ ഉള്‍പ്പെടെ തിങ്കളാഴ്ച ഡല്‍ഹി പൊലീസിന്റെ പിടിയിലായി.

ഡല്‍ഹി ഓഖ്‍ലയിലെ സാകിര്‍ നഗറിലായിരുന്നു ഇവരുടെ ഓഫീസ്. ഇവിടെ നിന്ന് ഇവര്‍ തട്ടിപ്പിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നരവധി വ്യാജ കമ്പനികളിലൂടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറയുന്നു. ദുബൈയിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഇതിനായി കണ്‍സള്‍ട്ടേഷന്‍ ഫീസ് ഇനത്തില്‍ ഓരോ വ്യക്തിയില്‍ നിന്നും 59,000 രൂപ വീതം വാങ്ങി. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ജോബ് സൈറ്റുകളില്‍ നിന്ന് ശേഖരിച്ച ശേഷം അവ തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു.

ഡല്‍ഹി വികസന അതോറിറ്റിയുടെ ഒരു പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മറ്റൊരു സംഘത്തെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിഡിഎ ഹൗസിങ് ഡോട്ട് കോം എന്ന വെബ്‍സൈറ്റില്‍ ഫ്ലാറ്റ് ബുക്ക് ചെയ്യാനായി രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചയാളില്‍ നിന്ന് 50,000 രൂപ തട്ടിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം.

ഡല്‍ഹി വികസന അതോറിറ്റിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഫോണില്‍ ബന്ധപ്പെട്ടയാളാണ് അന്‍പതിനായിരം രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. ഇയാള്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കിയതിന് പിന്നാലെ ഫ്ലാറ്റ് അലോട്ട്മെന്റ് ഉറപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൂടി വേണമെന്ന് അറിയിച്ചു. ഇതില്‍ സംശയം തോന്നിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതും തട്ടിപ്പ് സംഘത്തിലെ നാല് പേര്‍ അറസ്റ്റിലായതും.

 

ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹി സ്വദേശികളെ വയനാട് സൈബര്‍ പോലീസ് കഴിഞ്ഞയാഴ്ച വലയിലാക്കിയിരുന്നു. ദുബൈയിലെ ആശുപത്രിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പുല്‍പള്ളി സ്വദേശിനിയില്‍ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍ ചെന്ന് പിടികൂടിയത്. ഡല്‍ഹി ഉത്തംനഗര്‍ സ്വദേശി ബല്‍രാജ് കുമാര്‍ വര്‍മ്മ(43), ബീഹാര്‍ സ്വദേശിയായ നിലവില്‍ ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന രവി കാന്ത്കുമാര്‍ (33) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി തട്ടിപ്പിനിരയായത്. ജോലിക്കായി പ്രമുഖ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവതിയുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. യുവതിയെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം അവരുടെ വ്യാജ ജോബ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് യുവതിയുടെ വിശ്വാസം നേടിയെടുത്തു. പിന്നീട് വിവിധ ആവശ്യങ്ങളിലേക്ക് എന്നു പറഞ്ഞ് പല സമയങ്ങളിലായി ലക്ഷങ്ങള്‍ വാങ്ങിയെടുത്തു. പിന്നീട് തട്ടിപ്പ് മനസിലാക്കിയ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe