ബംഗളൂരു: കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പാർട്ടിനേതാവ് എച്ച്.ഡി കുമാരസ്വാമി. കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം നടത്തുക.
കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുകയെന്ന തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായി പ്രശ്നമില്ലേയെന്ന ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു. ബിഹാറിന് അദ്ദേഹം നൽകുന്ന സഹായങ്ങൾക്കായിരുന്നു നിതീഷ് നന്ദി പറഞ്ഞത്. 10 വർഷം മുമ്പ് യു.പി.എയെ രൂക്ഷമായി വിമർശിച്ചയാളാണ് നിതിഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. കേരളത്തിൽ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എൽ.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. പിന്നാലെ പ്രസ്താവന തിരുത്തി ദേവഗൗഡ രംഗത്തെത്തി.