കേരളത്തിൽ നിന്ന് പുറപ്പെട്ട ട്രക്ക്, ഗഡ്‌വാളിൽ പൊലീസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 750 കോടി രൂപ

news image
Oct 19, 2023, 7:20 am GMT+0000 payyolionline.in

ഹൈദരാബാദ്: തെലങ്കാന ദേശീയപാതയിൽ ഗഡ്‌വാളിൽ ചൊവ്വാഴ്ച രാത്രി പിടികൂടിയ ട്രക്ക് പരിശോധിച്ചപ്പോൾ പൊലീസിന് ലഭിച്ചത് 750 കോടി രൂപ. ട്രക്കിൽ നിന്ന് ഇത്രയും വലിയ തുക പിടികൂടിയതോടെയാണ് പൊലീസ് ഏറെ നേരം വലഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് പൊലീസ് വാഹന പരിശോധന നടത്തിയത്. കള്ളക്കടത്തുകാരുടെ വഴിയെന്ന കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് ഗഡ്‌വാൾ.  രാത്രി 10.30 ന് ട്രക്ക് തടഞ്ഞ പൊലീസ്, ഏകദേശം 750 കോടി രൂപ പിടിച്ചെടുത്തതോടെ പൊലീസിന് കടുത്ത ആശങ്കയുയർന്നു.

ഏതാനും മണിക്കൂറുകൾ നീണ്ട സസ്‌പെൻസിന് ശേഷം, കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്കുള്ളതാണ് ലോഡെന്ന് വ്യക്തമായി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പണം ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ബാങ്ക് അധികൃതരുടെ സ്ഥിരീകരണത്തിന് ശേഷമാണ് ട്രക്ക് യാത്രയ്ക്കായി വിട്ടയച്ചതെന്ന് തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് പറഞ്ഞു. 750 കോടി രൂപ പണമുള്ള ട്രക്ക് ഏതാനും മണിക്കൂറുകൾ ആശങ്കയുണ്ടാക്കി എന്നത് സത്യം തന്നെയാണ്. പക്ഷേ പണം നിയമപരമായി ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നെന്ന് പരിശോധനയിൽ വ്യക്തമായതോടെ ട്രക്കിന് യാത്ര തുടരാൻ പൊലീസ് അനുമതി നൽകിയെന്ന് വികാസ് രാജ് പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ഓരോ വാഹനവും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും മഹ്ബുഗ് നഗർ വഴി ഹൈദരാബാദിലേക്കുള്ള കള്ളക്കടത്ത് തടയണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതരോട് നിർദേശിച്ചിരുന്നു. പൊലീസ് കാര്യക്ഷമമല്ലെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ പാർട്ടികളുടെ പരാതിയെ തുടർന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടതോടെ ഐപിഎസ് ഉദ്യോഗസ്ഥരെയും നാല് കളക്ടർമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുകയും ചെയ്തു.

ഇസി നിലപാട് കടുപ്പിച്ചതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി ഹൈവേയിൽ ട്രക്ക് തടഞ്ഞത്. പണവുമായി വന്ന ട്രക്ക് പൊലീസ് പിടികൂടുകയും പരിശോധനയിൽ വൻ തുക കണ്ടെത്തുകയും ചെയ്തു.   രേഖകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബാങ്കുമായും റിസർവ് ബാങ്കുമായും കൂടിയാലോചിച്ച്, ഗഡ്വാൾ പോലീസിന്റെ അകമ്പടിയോടെ ട്രക്ക് ഹൈദരാബാദിലേക്ക് യാത്ര തുടർന്നു. അതേസമയം, പണവും മദ്യവും മയക്കുമരുന്നും സ്വർണവും ഉൾപ്പെടെ സംസ്ഥാനത്തുടനീളം 165 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe