ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന് ഇടത് പാർട്ടികൾ

news image
Oct 18, 2023, 8:25 am GMT+0000 payyolionline.in

ദില്ലി: ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന ആവശ്യം ശക്തമാക്കി ഇടത് പാർട്ടികൾ. ഗാസയിലെ ആശുപത്രിയിൽ നടന്ന ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വെടിനിറുത്തൽ ഇന്ത്യ ആവശ്യപ്പെടണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ എന്ന നിലപാട് തല്ക്കാലം തിരുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.

മധ്യേഷ്യയിലെ സംഘർഷത്തിൽ ഇസ്രയേലിനൊപ്പം എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ രണ്ടു തവണ വ്യക്തമാക്കി. ഇന്ത്യ പക്ഷം പിടിക്കരുതെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ ഇതിനു ശേഷം ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കണം എന്ന നിലപാട് ഇതുവരെ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇന്നലെ ഗാസയിലെ ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണം അറബ് രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ യുദ്ധത്തെ അനുകൂലിക്കുന്ന നയം തിരുത്തണമെന്നാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നത്.

പലസ്തീൻ അംബാസറെ കണ്ട് ഡി രാജ ഉൾപ്പടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം ഐക്യദാർഢ്യം അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിന് ഇക്കാര്യത്തിൽ യോജിച്ച പ്രസ്താവന ഇറക്കാനായിട്ടില്ല. കോൺഗ്രസിനുള്ളിലും നയത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. പാർട്ടികൾ ഒന്നിച്ചു ചേർന്ന് നയം ആലോചിക്കണം എന്ന വികാരം ശക്തമാകുകയാണ്. അതേസമയം തല്ക്കാലം നിലപാട് മാറ്റാനില്ല എന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്കുന്നത്. ഗാസയിലെ ആശുപത്രിക്കു നേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe