കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നതെന്ന് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നും സംസ്ഥാന പൊലീസ് മേധാവി കോടതിയെ അറിയിച്ചു.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഗസ്റ്റില്‍ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.