മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 30 ന് എൻ.ഡി.എ സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് കെ. സുരേന്ദ്രൻ

news image
Oct 16, 2023, 10:32 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ഭരണസ്തംഭനത്തിനുമെതിരെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 30ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തുമെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിപുലമായ സമര പരമ്പര നടക്കുമെന്നും എറണാകുളത്ത് എൻ.ഡി.എ നേതൃയോഗത്തിന് ശേഷം നേതാക്കളോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളയാത്ര നടത്തുന്നത് പ്രഹസനമാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. എല്ലാ തട്ടിപ്പിനും പിന്നിൽ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്നാണ് എൻ.ഡി.എ യോഗത്തിന്റെ പൊതു അഭിപ്രായം. കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിയും സംസ്ഥാനസർക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചും നവംബർ 10 മുതൽ 30 വരെ സംസ്ഥാനത്ത് പഞ്ചായത്ത്, ഏരിയ തലങ്ങളിൽ 2,000 പ്രചാരണയോഗങ്ങൾ നടത്തും.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനതലത്തിൽ ജനജാഗ്രത പദയാത്ര സംഘടിപ്പിക്കും. ഡിസംബർ അവസാനം ആരംഭിച്ച് ജനുവരി മാസം നീണ്ടുനിൽക്കുന്ന തരത്തിലായിരിക്കും ജനജാഗ്രത പദയാത്ര നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന ശിൽപ്പശാല നവംബർ ആറിന് ചേർത്തലയിൽ സംഘടിപ്പിക്കും. ശിൽപ്പശാലയിൽ എല്ലാ ഘടകകക്ഷികളുടേയും ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

ബൂത്ത് തലം വരെ എൻ.ഡി.എ വ്യാപിപ്പിക്കാനുള്ള ശ്രമം വേണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടേയും പോഷക സംഘടനകളുടെ സംസ്ഥാനതല ഏകോപനത്തിന് പുതിയ സംവിധാനം വരും. സാമൂഹ്യമാധ്യമ വിഭാഗങ്ങളുടെ കോർഡിനേഷനും വരും ദിവസങ്ങളിൽ നടക്കും. 22 തിരുവനന്തപുരത്ത് ആദ്യയോഗം ചേരാൻ നിശ്ചയിച്ചു.

എൻ.ഡി.എയുടെ ബഹുജന അടിത്തറ വർധിപ്പിക്കാനുള്ള ശ്രമം നടത്താനും യോഗം തീരുമാനിച്ചു. എൻ.ഡി.എയുടെ പുതിയ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. കെ.സുരേന്ദ്രനെ ചെയർമാനായും തുഷാർ വെള്ളാപ്പള്ളിയെ കൺവീനറായും തിരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി പി.കെ കൃഷ്ണദാസ്, കെ. പത്മകുമാർ, സി.കെ ജാനു, വിഷ്ണുപുരം ചന്ദ്രശേഖരൻ, കുരുവിള മാത്യൂസ്, വി.വി രാജേന്ദ്രൻ എന്നിവരെയും ജോയിന്റ് കൺവീനർമാരായി പി.എച്ച് രാമചന്ദ്രൻ, നിയാസ് വൈദ്യരാകം എന്നിവരെയും തിരഞ്ഞെടുത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച യോഗത്തിൽ നടന്നു. സ്ഥാനാർഥി നിർണയത്തെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ നടന്നു. ദില്ലിയിൽ കേന്ദ്ര നേതൃത്വവുമായി കൂടി ചർച്ച നടത്തുന്നതോടെ അന്തിമരൂപം കൈവരും. മറ്റ് രണ്ട് മുന്നണികളേക്കാൾ മുമ്പ് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, വൈസ് ചെയർമാൻ പി.കെ കൃഷ്ണദാസ്, ആർ.എൽ.ജെ.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി എം. മെഹബൂബ്, എൽ.ജെ.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി രമാജോർജ്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe