മയ്യഴി: സെന്റ്തെരേസ പള്ളി തിരുനാളിന്റെ ആഘോഷലഹരിയിലേക്ക് മയ്യഴി നഗരം. വിശുദ്ധ അമ്മത്രേസ്യയുടെ മുന്നിലേക്ക് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകർ ഇനി രണ്ടുനാൾ ഒഴുകിയെത്തും. ശനിയാഴ്ച രാത്രിയാണ് തിരുരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണം. സുൽത്താൻപേട്ട് രൂപത മെത്രാൻ ഡോ. ആന്റണിസ്വാമി പീറ്റർ അബീർ ദിവ്യബലിക്ക് മുഖ്യകാർമികനാവും. അലങ്കരിച്ച വാഹനത്തിൽ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തെ വീടുകളും സ്ഥാപനങ്ങളും ദീപംതെളിച്ച് വരവേൽക്കും.
മയ്യഴിയുടെ മഹിതമായ മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും വിളംബരമാവും നഗരപ്രദക്ഷിണം. ചൂടിക്കോട്ട, ആനവാതുക്കൽ ശ്രീകൃഷ്ണക്ഷേത്രങ്ങൾ തിരുരൂപത്തിൽ തുളസിമാല ചാർത്തും. തിരികെ ക്ഷേത്രങ്ങൾക്ക് ജമന്തിമാല നൽകും. തിരുനാൾ ദിനമായ ഞായറാഴ്ച പുലർച്ചെ ഒന്നുമുതൽ പള്ളിക്ക് മുന്നിലെ ദേശീയപാതയിൽ ശയനപ്രദക്ഷിണം. കോഴിക്കോട് രൂപത മെത്രാൻ റവ ഡോ. വർഗീസ് ചക്കാലയ്ക്കൽ ദിവ്യബലിക്കും നൊവേനക്കും മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളിൽ സ്നേഹസംഗമം. 22ന് തിരുനാൾ സമാപിക്കും. ദിവസവും വൈകിട്ട് ഏഴിന് ദിവ്യബലിയും നൊവേനയുമുണ്ടാകും.