തലശ്ശേരി: നാരങ്ങാപ്പുറത്തെ പി.പി പെട്രോൾ പമ്പിലെ ജീവനക്കാരനെ മർദിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചോനാടം സ്വദേശിയും താഴെ ചൊവ്വയിൽ താമസക്കാരനുമായ ഫർസീൻ ഇസ്മായിലിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോയിൽ ഡീസൽ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് മർദനമെന്ന് ജീവനക്കാരന്റെ പരാതിയിൽ പറയുന്നു. സി.ഐ എം. അനിലാണ് ഫർസീൻ ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തത്.
പുന്നോൽ സ്വദേശി പി.കെ. രജീഷിനാണ് മർദനമേറ്റത്. മുഖത്തും തലക്കും പരിക്കേറ്റ ഇദ്ദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഓട്ടോയിൽ ഡീസലടിച്ച ശേഷം പണം കൊടുക്കാതെ കടന്നുകളയാൻ ശ്രമിച്ചപ്പോഴായിരുന്നു ജീവനക്കാരനെ മർദിച്ചത്. തുടർന്ന് പ്രതി രക്ഷപ്പെട്ടു. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.