തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിലെ അതിക്രമം വിളിച്ച് അറിയിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. കൊല്ലം സ്വദേശി സാനിഷാണ് മർദ്ദനമേറ്റതായി പരാതിപ്പെട്ടിരിക്കുന്നത്. വാഹനത്തിന്റെ ബോണറ്റിൽ തലയിടിപ്പിച്ചെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും സാനിഷ് പരാതിയിൽ പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ നഴ് സിംഗ് അസിസ്റ്റാണ് സാനിഷ്. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ പോലീസുകാരൻ മർദ്ദിച്ചെന്നാണ് പരാതി. രണ്ടുപേർ തമ്മിൽ അക്രമം നടക്കുന്നത് സാനിഷ് പൊലീസിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിക്കുന്നത്. നടുറോഡിൽ മദ്യപിച്ച് രണ്ട് പേർ തമ്മിലടിക്കുന്നു എന്ന വിവരമാണ് സാനീഷ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. കൺട്രോൾ റൂമിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും സ്ഥലത്തെത്തി. എന്നാൽ അത്തരത്തിൽ അക്രമം നടന്നതായി കണ്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സാനിഷിനെ പൊലീസ് വിളിച്ചു വരുത്തി. വാക്കു തർക്കത്തെ തുടർന്ന് പൊലീസുകാരൻ കയ്യേറ്റം ചെയ്തെന്നാണ് സാനിഷിന്റെ പരാതി. എന്നാൽ വിളിച്ചുവരുത്തി കാര്യം അന്വേഷിച്ചപ്പോൾ സാനീഷ് പരസ്പര വിരുദ്ധമായി സംസാരിച്ചു എന്നാണ് പൊലീസ് ഭാഷ്യം.