മാസപ്പടി: ഗിരീഷ് ബാബുവിന്റെ കുടുംബം ഹർജിയിൽ നിന്ന് പിന്മാറുന്നു

news image
Oct 11, 2023, 4:36 am GMT+0000 payyolionline.in
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയന്‍ എന്നിവർ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷൻ ഹർജിയിൽ നിന്നും പരാതിക്കാൻ ഗിരീഷ് ബാബുവിന്റെ കുടുംബം പിന്മാറുന്നു. ഹൈക്കോടതിയിലെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇക്കാര്യം ഇന്ന് കോടതിയെ അറിയിക്കും. കേസിലെ ഹർജിക്കാരൻ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായി മരിച്ചത്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷിചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് നേരിട്ട് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്കാണ് കുഴൽനാടൻ നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe