വൈദ്യുതി വാങ്ങുന്നതിന് ദീര്‍ഘകാല കാരാര്‍ പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് തിങ്കളാഴ്ച പുറപ്പെടുവിച്ചേയ്ക്കും നാലുകമ്പനികളുമായുള്ള കരാര്‍ റദ്ദാക്കിയ പശ്ചാത്തലം വിശദീകരിച്ചുകൊണ്ടാകും ഉത്തരവ്. അതേസമയം മഴലഭിച്ചിട്ടും അണക്കെട്ടുകളില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ ആയിരത്തിലേറെ ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദനത്തിനുള്ള വെള്ളം കുറവാണ് ഇപ്പോള്‍.
കേരളത്തിന് പുറത്ത് നിന്ന് 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്ക് വാങ്ങുന്നതിനുള്ള കരാര്‍ പുനഃസ്ഥാപിക്കുന്നതോടെ വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകും. ഉത്തരവിറക്കാനുള്ള നപടികളിലേക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷന് കടന്നു. തിങ്കളാഴ്ച ഉത്തവ് പുറപ്പെടുവിച്ചേയ്ക്കും. തെളിവെടുപ്പോ കൂടുതല്‍ വിശദീകരണമോ ആവശ്യമില്ല. വൈദ്യുതി നിയമത്തിലെ 108ാം വകുപ്പ് അനുസരിച്ച് മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കമ്മിഷന് ബാധ്യസ്ഥമാണ്. എന്നാല്‍ കരാര്‍ പുനഃസ്ഥാപിക്കാന്‍ കമ്പനികള്‍ സമ്മതിക്കുമോയെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ നല്ല മഴകിട്ടിയെങ്കിലും അണക്കെട്ടുകളിലെ ജലനിരപ്പില്‍ കാര്യമായ പുരോഗതിയില്ല.
എല്ലാ അണക്കെട്ടുകളിലുംകൂടി ശേഷിക്കുന്നത് 2256.82 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം. കഴിഞ്ഞദിവസം ഉല്പാദിപ്പിച്ചത് 17.52 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 3325.35 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം ഉല്പാദിപ്പിച്ചത് 26.96 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 1068.52 യൂണിറ്റ് വൈദ്യുതിയ്ക്കുള്ള ജലം കുറവ്.