ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തിയ വേളകളിലെല്ലാം പാവപ്പെട്ടവരുടെ ക്ഷേമപദ്ധതികളിലും നാടിന്റെ വികസനത്തിലും ഒരേപോലെ ശ്രദ്ധപതിപ്പിച്ച ജനപ്രതിനിധിയായിരുന്നു ആനത്തലവട്ടം ആനന്ദൻ. കർഷക തൊഴിലാളി ക്ഷേമനിധിക്ക് ശേഷം 1987 ൽ കേരളത്തിലാദ്യമായി കയർ തൊഴിലാളി ക്ഷേമനിധി ബോർഡും കയർ തൊഴിലാളി പെൻഷനും നടപ്പിലാക്കാൻ മുൻകൈ എടുത്തത് പാവങ്ങളുടെ ക്ഷേമചരിത്രത്തിൽ സുപ്രധാന ഏടാണ്.
14 കോടി രൂപ ചെലവിൽ മുതലപ്പൊഴി ഫിഷിംഗ് ഹാർബർ പൂർത്തിയാക്കി. മുതലപ്പൊഴി, അഴൂർ കടവ്, പണയിൽ കടവ് പാലങ്ങൾ, ചിറയിൻകീഴ്- മഞ്ചാടിമൂട് ബൈപാസ്, ചിറയിൻ കീഴ് ഓവർ ബ്രിഡ്ജ് തുടങ്ങി ഗതാഗതമേഖലയിലെ വലിയ മുന്നേറ്റം. ആറ്റിങ്ങൽ മിനി സിവിൽസ്റ്റേഷൻ ആറര കോടി രൂപ ചെലവിൽ പൂർത്തിയാക്കി. പതിനേഴ് വർഷത്തോളം അടഞ്ഞ് കിടന്ന നാളികേര കോംപ്ലക്‌സ് തുറന്നു, കേരഫെഡിനെ കൊണ്ട് ഏറ്റെടുപ്പിച്ചു. ഇതിനോടനുബന്ധമായാണ് തെങ്ങിൻതടി സംസ്‌കരണ യൂണിറ്റ് ആരംഭിച്ചത്.
ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 22 വർഷമായി വിവിധ കാരണങ്ങളാൽ മുടങ്ങി കിടന്നിരുന്ന പുതിയ കെട്ടിട നിർമ്മാണം 45 ലക്ഷം രൂപ ചിലവിട്ട് പൂർത്തിയാക്കി. ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ പുതിയ സയൻസ് ബ്ലോക്ക് നാല്‌കോടി രൂപ ചിലവിട്ട് പൂർത്തിയാക്കി. വാമനപുരം നദിയിൽ ഒരു കോടി രൂപ ചിലവിട്ട് ചെക്ക് ഡാം നിർമ്മിച്ചു. ഒരു കോടി രൂപ ചിലവിട്ട് ആറ്റിങ്ങൽ കോടതി സമുച്ചയം, വെറും കളിസ്ഥലമായിരുന്ന ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം 3.5 കോടി രൂപ ചിലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി. ആറ്റിങ്ങൽ കൊല്ലമ്പുഴ ടൂറിസം പദ്ധതി, ആറ്റിങ്ങൽ പോലീസ് സ്റ്റേഷനായി പുതിയ കെട്ടിടം, പോളിടെക്‌നിക് ഗ്രൗണ്ട് തുടങ്ങി ഒന്നര പതിറ്റാണ്ട് കാലത്തെ വികസന തുടർച്ച ആറ്റിങ്ങൽ പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റാൻ സഹായകമായി.