കൊല്ലം ∙ മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങൾക്ക് ഇന്നു വർണാഭമായ തുടക്കം. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ പ്രത്യേക വേദിയിലാണ് ഇന്നും നാളെയുമായുള്ള ചടങ്ങുകൾ. നാളെയാണു ജന്മദിനാഘോഷം.
കോവിഡ് മൂലം കഴിഞ്ഞ 3 വർഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. ഇക്കുറി വിദേശത്തുനിന്നടക്കം 2 ലക്ഷം പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദ പുരി അറിയിച്ചു. ജന്മദിനമായ സെപ്റ്റംബർ 27നാണ് എല്ലാ വർഷവും ആഘോഷമെങ്കിലും ഇക്കുറി അതു ജന്മനക്ഷത്രമായ കാർത്തിക നാളിലാണ്.ഇന്ന് അഞ്ചിനു പ്രഭാഷണങ്ങൾ, ധ്യാനം, വിശ്വശാന്തി പ്രാർഥന, അമൃത സർവകലാശാലയുടെ പുതിയ ഗവേഷണ പദ്ധതികളുടെ പ്രഖ്യാപനം തുടങ്ങിയവ നടക്കും. നാളെ 9നു പാദപൂജയ്ക്കു ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകും.