തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടിയെന്ന് മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന കെഎസ്ആര്‍ടിസിയുടെയും വാഹന ഉടമകളുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. വാഹനാപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാന്‍ നേരത്തെ നല്‍കിയ സമയപരിധി സെപ്തംബര്‍ 30 വരെയായിരുന്നു.
റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബര്‍ 31 വരെ നീട്ടിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും.
സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ കാലാവധി രണ്ടുവര്‍ഷം ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചതായി കഴിഞ്ഞദിവസം മന്ത്രി അറിയിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ കാലയളവില്‍ പരിമിതമായി മാത്രം സര്‍വീസ് നടത്താന്‍ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വര്‍ഷത്തില്‍ നിന്നും 22 വര്‍ഷമായി നീട്ടുന്നത്. കൊവിഡ് കാലഘട്ടത്തില്‍ സര്‍വീസ് നടത്തിയിട്ടില്ലാത്തതിനാല്‍ വാഹനങ്ങളുടെ കാലാവധി രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് നല്‍കണമെന്ന സ്വകാര്യ ബസ് സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു