തിരുവനന്തപുരം: സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തുമെന്ന് ബി.ജെ.പി നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. തട്ടിപ്പ് നടന്ന ബാങ്കുകളിലെ സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചായിരിക്കും അദാലത്തെന്നും എല്ലാ സഹായവും ബി.ജെ.പി സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ആദ്യ പടിയെന്ന നിലയിൽ സുരേഷ് ഗോപി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് തൃശൂർ സഹകരണ ബാങ്കിലേക്ക് യാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ശേഷം മാർക്സിസ്റ്റ് പാർട്ടിയുടെ തനിനിറം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുന്നതിന് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. കേരളത്തിൽ 5,000 കോടി രൂപയുടെ മെഗാ സഹകരണ കുംഭകോണമാണ് നടന്നത്. കരുവന്നൂരിൽ 300 കോടിയെന്നത് 400 കോടിയിലേക്ക് ഉയർന്നാൽ അത്ഭുതപ്പെടാനില്ല -പി.കെ. കൃഷ്ണദാസ് പറഞ്ഞു.
മടിയിൽ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നാണ്. ഈ കുംഭകോണത്തിൽ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ടെന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി.