ദുബൈ: എത്ര വലിയ പ്രമോഷനുകൾ നടത്തിയാലും നിലവാരമില്ലെങ്കിൽ സിനിമ പരാജയപ്പെടുമെന്ന് നടൻ മമ്മൂട്ടി. സിനിമകളുടെ വിജയം പല ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഏതെങ്കിലും സിനിമക്കെതിരെ മന:പൂർവം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ദുബൈയിൽ ഇന്ന് റിലീസാവുന്ന തന്‍റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെ കുറിച്ച് സ്വന്തം നിലക്കുള്ള അഭിപ്രായ പ്രകടനമാണ് പ്രേക്ഷകർ നടത്തേണ്ടത്. ഓരോരുത്തർക്കും സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ അഭിപ്രായം നമ്മുടെതായി മാറുന്നത് ശരിയല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മമ്മുട്ടി പ്രതികരിച്ചു.ഓസ്കർ അവാർഡിന് ഇന്ത്യൻ വിഭാഗത്തിൽ ഔദ്യോഗികമായി എൻട്രി ലഭിച്ച 2018 സിനിമ ടീമിന് അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.സി.സിയിൽ 130ലേറെ തിയറ്ററുകളിൽ വ്യാഴാഴ്ച കണ്ണൂർ സ്ക്വാഡ് പ്രദർശിപ്പിക്കുമെന്ന് ഗൾഫിലെ വിതരണക്കാരായ ഗ്ലോബൽ ട്രൂത്ത് സി.ഇ.ഒ അബ്ദുസമ്മദ് പറഞ്ഞു. കണ്ണൂർ സ്ക്വാഡിന്‍റെ ഭാഗമായ റോണി ഡേവിഡ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.