ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരിയിൽ നടത്തുമെന്ന് ക്ഷേത്രം നിർമാണ സമിതി മേധാവി നൃപേന്ദ്ര മിശ്ര. ഡിസംബർ 31ന് ഗ്രൗണ്ട് ലെവൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 21–23ന് ഇടയിൽ പ്രതിഷ്ഠ നടത്തും. 22നായിരിക്കും വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്. പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കും. 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കും. 10,000 പ്രത്യേക അതിഥികളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 14 മുതൽ പൂജകൾ തുടങ്ങും. പ്രധാനമന്ത്രി 5 ദിവസം അയോധ്യയിൽ തങ്ങുമെന്നാണ് വിവരം. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുക. കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
2020 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. 2019ലെ കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് രാമക്ഷേത്രം നിർമാണം ആരംഭിച്ചത്. നിർമാണത്തിനായി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.