കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കാലടി സ്വദേശിനി ലിവിയ ജോസിന്‍റെ അറസ്റ്റാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഒക്ടോബർ മൂന്നു വരെ തടഞ്ഞത്. മുൻകൂർ ജാമ്യം തേടി ലിവിയ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രോസിക്യൂഷന്‍റെ വിശദീകരണം തേടി ഹരജി ഒക്ടോബർ മൂന്നിലേക്ക് മാറ്റി. ഷീലയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.
കഴിഞ്ഞ ഫെബ്രുവരി 27ന് വൈകീട്ട് ഷീലയുടെ സ്കൂട്ടറിൽനിന്ന് എക്സൈസ് സംഘം 12 എൽ.എസ്.ഡി സ്റ്റാമ്പ് പിടികൂടിയിരുന്നു. അറസ്റ്റിലായ ഷീല 72 ദിവസം ജയിലിൽ കഴിഞ്ഞു. പിന്നീട് കാക്കനാട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽനിന്ന് മേയ് 12ന് ലഭിച്ച റിപ്പോർട്ടിൽ പിടിച്ചെടുത്തത് ലഹരി മരുന്ന് അല്ലെന്ന് തെളിഞ്ഞു. തുടർന്ന് ഷീല സണ്ണി നൽകിയ ഹരജിയിൽ ലഹരിമരുന്നുകേസ് ഹൈകോടതി റദ്ദാക്കി.
ലഹരിമരുന്ന് പിടികൂടിയതിന്‍റെ തലേദിവസം മരുമകളും സഹോദരിയും തന്‍റെ സ്കൂട്ടർ ഉപയോഗിച്ചിരുന്നെന്ന് ഷീല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വ്യജമായി ലഹരിക്കേസ് ഉണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഹരജിക്കാരിക്കെതിരെ ഷീലയും ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയതോടെയാണ് ബംഗളൂരുവിൽ പഠിക്കുന്ന ലിവിയ മുൻകൂർ ജാമ്യ ഹരജി നൽകിയത്. സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തി ജയിലിലടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നുമാണ് ഹരജിക്കാരിയുടെ ആരോപണം.