കോട്ടയം: കുമാരനല്ലൂരിരിനടുത്ത് നായകളുടെ കാവലിൽ വൻതോതിൽ ലഹരി വില്പന നടത്തിവന്ന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടിച്ചു. പ്രതി അക്കരെ നട്ടാശേരി സ്വദേശി റോബിൻ ജോർജ് പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. വലിയാലിൻചുവട്ടിൽ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു കഞ്ചാവ് വില്പന. ഞായർ രാത്രി പത്തരയോടെയാണ് പരിശോധന ആരംഭിച്ചത്. നായകളെ അഴിച്ച് വിട്ടിരുന്നതിനാൽ പൊലീസിന് ആദ്യം വീടിനകത്ത് കയറാനായില്ല. തുടർന്ന് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി നായകളെ കെട്ടിയ ശേഷമാണ് അകത്ത് കയറിയത്. അതിനിടെ പ്രതി ഓടി രക്ഷപെട്ടു.
നായകളെ സംരക്ഷിക്കുകയും പരിശീലനം നൽകുകയും ചെയ്യുന്ന ‘ഡെൽറ്റ കെ 9’ എന്ന പേരിൽ നടത്തിവന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാട്. ഒന്നര വർഷം മുമ്പാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. ദിവസം ആയിരം രൂപ നിരക്കിൽ നായകളുടെ സംരക്ഷണവും ഇയാൾ ഏറ്റെടുത്തിരുന്നു. വിദേശയിനങ്ങളടക്കം 13 നായകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവയിൽ രണ്ടെണ്ണം പ്രതിയുടെതാണെന്നും മറ്റുള്ളവയെ സംരക്ഷണത്തിന് എത്തിച്ചതാകാമെന്നും നാട്ടുകാർ പറഞ്ഞു. ഇയാളുടെ പ്രവർത്തനത്തിൽ സംശയം തോന്നിയ പൊലീസ് കോടതിയിൽ നിന്ന് സേർച്ച് വാറണ്ടുമായാണ് എത്തിയത്.
കാക്കി ധരിച്ചവരെ കണ്ടാൽ ആക്രമിക്കാൻ നായകൾക്ക് റോബിൻ പരിശീലനം നൽകിയതായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബിഎസ്എഫിൽ നിന്ന് വിരമിച്ച ഒരു ഡോഗ് ട്രെയിനറെ ഇയാൾ സമീപിച്ചിരുന്നു. കാക്കി ഇട്ടവരെ ആക്രമിക്കാൻ എങ്ങനെ നായകളെ പഠിപ്പിക്കാം എന്ന് ചോദിച്ചതോടെ സംശയം തോന്നി അദ്ദേഹം ഒഴിവാക്കുകയായിരുന്നു. പ്രതിയെ പിടിക്കാനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.