വാഷിങ്ടന്‍∙ ചൈന യുദ്ധത്തിനു തയാറെടുക്കുകയാണെന്നും അമേരിക്കയുടെയും ലോകത്തിന്റെയാകെയും അസ്തിത്വത്തിനു തന്നെ ചൈന ഭീഷണിയാണെന്നും ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലെ. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള പ്രമുഖ നേതാക്കളില്‍ ഒരാളാണ് നിക്കി ഹാലെ. അമേരിക്ക വിവിധ മേഖലകളില്‍ തറപറ്റിക്കാനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ചൈന ശ്രമിക്കുന്നതെന്ന് നിക്കി പറഞ്ഞു. ‘ചൈനീസ് സൈന്യം ഇപ്പോള്‍ത്തന്നെ യുഎസ് സൈന്യത്തിനു തുല്യമായ രീതിയിലാണു മുന്നേറുന്നത്.
ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്‍പിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. അമേരിക്കയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചൈന കൈക്കലാക്കി കഴിഞ്ഞു. നമ്മുടെ വാണിജ്യരഹസ്യങ്ങള്‍ അവര്‍ സ്വന്തമാക്കി. മരുന്നു മുതല്‍ അത്യാധുനിക സാങ്കേതിക വിദ്യ വരെയുള്ള നിര്‍ണായഏ വ്യവസായങ്ങളുടെ നിയന്ത്രണവും അവര്‍ സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യം എന്ന നിലയില്‍നിന്ന് റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈന മാറിയത്. ഒന്നാമതെത്താനുള്ള എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്. അതിശക്തമായ സൈനിക ശക്തിയായി മാറി അമേരിക്കയെ ഭീഷണിപ്പെടുത്തി, ഏഷ്യന്‍ മേഖല അടക്കിവാഴുകയെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ത്തന്നെ പല മേഖലകളിലും ചൈനീസ് സൈന്യം യുഎസ് സൈന്യത്തിനു തുല്യമായി കഴിഞ്ഞു. ചില രംഗങ്ങളില്‍ യുഎസ് സൈന്യത്തേക്കാള്‍ മുന്നിലാണ്. അമേരിക്കന്‍ മണ്ണിലേക്ക് ചാരബലൂണുകള്‍ അയയ്ക്കാനും ക്യൂബന്‍ തീരത്തിനു സമീപം ചാരകേന്ദ്രം സ്ഥാപിക്കാനും പാകത്തില്‍ ചൈനീസ് നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഒരുകാരണവശാലും പിഴവു വരുത്തരുത്. ചൈന യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. വിജയിക്കാന്‍ തീരുമാനിച്ചാണ് ചൈനീസ് നേതാക്കള്‍.’ – നിക്കി ഹാലെ പറഞ്ഞു.