കാവേരി നദീജല തര്‍ക്കം; തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ പ്രതിഷേധം, ബെംഗളൂരുവിന്‍റെ കുടിവെള്ളം മുട്ടിക്കുമെന്ന് പ്രതിഷേധക്കാര്‍

news image
Sep 22, 2023, 2:53 pm GMT+0000 payyolionline.in

ബംഗളൂരു: കാവേരി നദീ ജല തര്‍ക്കത്തില്‍ തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച വിവിധ സംഘടനകളാണ് വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വെള്ളിയാഴ്ച കന്നട സംഘടന പ്രവര്‍ത്തകര്‍ ബെംഗളൂരുവിലേക്ക് വെള്ളം വിതരണം ചെയ്യുന്ന മണ്ഡ്യയിലെ മളവള്ളി താലൂക്കിലെ തൊരെകടനഹള്ളിയിലെ പമ്പ് ഹൗസിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുയായിരുന്നു. കാവേരി ജലം സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളില്‍ ബെംഗളൂരുവിലുള്ളവര്‍ വിട്ടുനില്‍ക്കുകയാണെന്നും പ്രതിഷേധത്തിന്‍റെ വ്യാപ്തി അവര്‍ തിരിച്ചറിയുന്നതിനാണ് ബെംഗളൂരുവിലേക്കുള്ള കുടിവെള്ള വിതരണം തടയാന്‍ ശ്രമിച്ചതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ടി.കെ. ഹള്ളിയിലും പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഇതിനിടെ, കാവേരി നദീ ജല വിഷയത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതി നാളെ (ശനിയാഴ്ച) മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ബന്ദിന്‍റെ കൂടിയാലോചനകള്‍ക്കായി വെള്ളിയാഴ്ച വൈകിട്ട് വിവിധ സംഘടനകളുടെ യോഗവും ചേര്‍ന്നു. മണ്ഡ്യയിലെ സമരത്തില്‍ ആദിചുഞ്ചനഗിരി മഠാധിപതി നിര്‍മലാനന്ദ സ്വാമി, മണ്ഡ്യ എം.പി സുമലതയുടെ കമന്‍ അഭിഷേക് അംബരീഷ് തുടങ്ങിയവരും പങ്കെടുത്തേക്കും. മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തതോടെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്നവര്‍ ബുദ്ധിമുട്ട് നേരിട്ടേക്കാനുള്ള സാധ്യതയുമുണ്ട്.

ബെംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലയിലാണ് കൂടുതലായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബെംഗളൂരു സിറ്റി പോലീസ് കമീഷണര്‍ ബി. ദയാനന്ദ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. നഗരത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും എല്ലാ മേഖലയിലും സുരക്ഷ ശക്തമാക്കണമെന്നും തമിഴ് ജനത കൂടുതലുള്ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നുമാണ് നിര്‍ദേശം. നഗരത്തിലെ ക്രമസമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ബി. ദയാനന്ദ പറഞ്ഞു. വെള്ളിയാഴ്ച ബെംഗളൂരുവിലെ കെ.ആര്‍ പുരത്ത് ഉള്‍പ്പെടെ പ്രതിഷേധ പരിപാടി നടന്നിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.  കര്‍ഷക സംഘടനകളും കന്നട സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് നിര്‍ദേശം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കുനേരെ കല്ലേറ് ഉള്‍പ്പെടെ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൈസൂരു, മണ്ഡ്യ, ചാമരാജ്നഗര്‍, രാമനഗര്‍ തുടങ്ങിയ ഇടങ്ങളിലുണ്ടായ പ്രതിഷേധം ചിത്രദുര്‍ഗ, ബെല്ലാരി, ദാവന്‍ഗര, കൊപ്പാല്‍, വിജയപുര തുടങ്ങിയ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

കർണാടക തമിഴ്നാടിന് 5000 ഘന അടി കാവേരി വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) വിധിയിൽ ഇടപെടാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചോള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. സെപ്റ്റംബർ 13 മുതൽ 27 വരെ 15 ദിവസത്തിൽ ഈ വെള്ളം നൽകണമെന്നാണ് കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നേരത്തെയുള്ള ഉത്തരവ്. സുപ്രീം കോടതി ഉത്തരവില്‍ ഇടപെടില്ലെന്നറിയച്ചതോടെ ഈ ഉത്തരവ് പ്രകാരം കര്‍ണാടക തമിഴ്നാടിന് കാവേരി വെള്ളം നല്‍കേണ്ടി  സാഹചര്യമാണുള്ളത്. ഉത്തരവനുസരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്നാടിന് കാവേരി വെള്ളം നല്‍കിയത് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തമിഴ്നാടിന്‍റെ താല്‍പര്യത്തിനൊപ്പമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരെന്ന് ബിജെപി ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് 5000ഘന അടിയില്‍നിന്ന് 7,200 ഘന അടിയായി ഉയര്‍ത്തണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നെങ്കിലും മഴക്കുറവ് ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ച് ഇക്കാര്യത്തില്‍ കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം വീണ്ടും തമിഴ്നാടിന് ജലം വിട്ടുകൊടുത്താല്‍ കര്‍ണാടകയില്‍ ഇപ്പോഴുള്ള സമരം കൂടുതല്‍ ശക്തമായേക്കും. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരുവില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe