എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി

news image
Sep 18, 2023, 7:27 am GMT+0000 payyolionline.in

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷകൾ 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ. മൂല്യനിർണയ ക്യാംപ് ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെ നടത്തും. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും. ഈ മാസം 25നു തുടങ്ങാനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ പരീക്ഷ നടക്കും. കോഴികോട്ട് നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

 

 

എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ

∙ ഐടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ. ഐടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ.

∙ 2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

∙ മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലിഷ്

∙ മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

∙ മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

∙ മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്

∙ മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

∙ മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി

∙ മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി

∙ മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. 4,04,075 പേർ പരീക്ഷ എഴുതും. കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലാണ്. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്നു 2,661 പേർ പരീക്ഷ എഴുതും.

നിപ്പയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലുണ്ടായ അടിയന്തര സാഹചര്യത്തെ അഭിമുഖീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാ വിധത്തിലും സജ്ജമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നൂറു ശതമാനം വിദ്യാലയങ്ങളിലും ഇന്നു മുതൽ ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ജി സ്യൂട്ട് സംവിധാനം ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാനായി എല്ലാ അധ്യാപകർക്കും പരിശീലനം നൽകിയിട്ടുണ്ട്.

സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാലയങ്ങൾ സ്വന്തമായി അനുയോജ്യമായ പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തി എല്ലാ കുട്ടികൾക്കും പഠനസൗകര്യം ഒരുക്കാൻ വേണ്ട നടപടികൾ പ്രഥമ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കായികമേള തൃശൂരിൽ

സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശൂരിൽ. സ്പെഷൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ. ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽ വച്ച് നവംബർ 30 മുതൽ ഡിസംബർ 3 വരെ. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ 2024 ജനുവരി 4 മുതൽ 8 വരെ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe