ലോൺ ആപ്പും സൈബർ തട്ടിപ്പും; ഇന്റർപോളിന്റെ സഹായം തേടുന്നു

news image
Sep 18, 2023, 2:55 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ ലോൺ ആപ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുടെ അന്വേഷണത്തിനു കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. കൊല്ലത്ത് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് ഒരു കോടി രൂപയുടെ തട്ടിപ്പിനിരയായ കേസിലാകും ആദ്യം സഹായം തേടുക. 10 ചൈനീസ് ബാങ്കുകളിലേക്കാണു പണം പോയതെന്നു കേരള സൈബർ ഓപ്പറേഷൻസ് കണ്ടെത്തിയിരുന്നു. തട്ടിപ്പുനടത്തിയ 10 ചൈനീസ് പൗരൻമാരെയും തിരിച്ചറിഞ്ഞു.

ലോൺ ആപ്പുകൾ വഴിയും ചൈനയിലേക്കു വൻതോതിൽ പണം പോകുന്നതായാണു കണ്ടെത്തൽ. പ്ലേസ്റ്റോറിൽ ആപ് എത്തിച്ചശേഷം ഫോൺ വിളികൾക്കായി ഇന്ത്യയിൽ കുറച്ച്പേരെ റിക്രൂട്ട് ചെയ്യും. ഇവിടെ ഒരു ബാങ്ക് അക്കൗണ്ടും സംഘടിപ്പിക്കും. ഇൗ അക്കൗണ്ടിലേക്ക് പണമെത്തുന്നയുടൻ ക്രിപ്റ്റോ കറൻസിയാക്കി ചൈനയിലേക്കു മാറ്റും. കൊച്ചിയിൽ ലോൺ ആപ് തട്ടിപ്പിനിരയായവരുടെ ഫോണിലേക്കു വന്ന ഹിന്ദി സംഭാഷണം ചൈനീസ് പൗരന്റേതാണെന്നു കണ്ടെത്തി. ഫോണിലെ കോൺടാക്ട് നമ്പറുകളുടെയും ഫെയ്സ്ബുക് ഫ്രണ്ട്സിന്റെയും എണ്ണം നോക്കിയാണ് ആപ്പുകൾ വായ്പത്തുക നിശ്ചയിക്കുന്നത്.

ഇന്നലെ ന്യൂഡൽഹിയിൽ കേന്ദ്രം വിളിച്ചുചേർത്ത സൈബർ ക്രൈം കോൺഫറൻസിൽ ചൈനയുയർത്തുന്ന സൈബർ വെല്ലുവിളി പ്രധാനചർച്ചയായി.

സാധനങ്ങൾ വാങ്ങി അപ്പോൾതന്നെ മറിച്ചുവിൽക്കുന്ന ചൈനീസ് ട്രേഡിങ് ആപ്പുകളിൽ കേരളത്തിനു ദിവസവും ലക്ഷങ്ങൾ നഷ്ടമാകുന്നു. കൊച്ചിയിൽ രണ്ടാഴ്ച മുൻപ് ലോട്ടറിയടിച്ചെന്നു പറഞ്ഞു വന്ന മെസേജിന്റെ പിന്നാലെ പോയി വീട്ടമ്മയ്ക്കു നഷ്ടമായത് ഒരു കോടി രൂപയാണ്. കഴിഞ്ഞയാഴ്ച ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത്, കർണാടകയിൽ ആദായനികുതി റിട്ടേൺ ലഭിക്കേണ്ടവരുടെയെല്ലാം ബാങ്ക് അക്കൗണ്ട് നമ്പറിൽ തിരിമറി നടത്തി കോടികൾ തട്ടിയെടുത്തിരുന്നു. ഇൗ ഓപ്പറേഷനും ചൈനയിൽനിന്നായിരുന്നു.

എടുക്കാത്ത വായ്പയ്ക്കും ഭീഷണി

കൊല്ലങ്കോട് (പാലക്കാട്) ∙ എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങൾ അയച്ച് ഓൺലൈൻ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉൾപ്പെടെ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചു. കോവിഡ് കാലത്ത് ഓൺലൈൻ വായ്പയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വായ്പ എടുത്തിട്ടില്ലെന്നു വീട്ടമ്മ പറയുന്നു.

ഓൺലൈനിൽ കണ്ട നമ്പറിലേക്ക് അന്ന് ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിരുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള ഫോൺ നമ്പർ ആവശ്യപ്പെട്ടതിനാൽ മകളുടെ നമ്പറും നൽകിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോൺ വിളികൾ വന്നു തുടങ്ങി. ഓഗസ്റ്റ് 27നു മകളുടെ നമ്പറിലേക്ക് മോർഫ് ചെയ്ത ചിത്രങ്ങൾ അയച്ചുതുടങ്ങി. പാലക്കാട് സൈബർ പൊലീസിൽ പരാതി നൽകിയതോടെ ശല്യം നിലച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe